ഉസ്മാന്‍ ഖവാജ ഇരട്ട സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിനിടെയാണ് സംഭവം.
ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ഖവാജയ്ക്ക് പാറ്റ് കമ്മിന്‍സിന്റെ ഡിക്ലയര്‍ തീരുമാനം കാരണം നഷ്ടമായത്. ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് പാറ്റ് കമ്മിന്‍സ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ആ സമയത്ത് ഖവാജയ്ക്ക് ഇരട്ട സെഞ്ചുറി നേടാന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് റണ്‍സ് മാത്രം. ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 368 പന്തുകളില്‍ നിന്ന് 19 ഫോറിന്റേയും ഒരു സിക്സിന്റെയും സഹായത്തോടെ 195 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ഖവാജ. ഞെട്ടലോടെയാണ് ഖവാജ ക്രീസ് വിട്ടത്.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സമാനമായ അവസ്ഥ നേരിട്ടിട്ടുണ്ട്. 2004 ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് നടക്കുമ്പോഴായിരുന്നു സംഭവം. അന്നത്തെ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ് ആിരുന്നു ക്യാപ്റ്റന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുമ്പോഴാണ് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. സച്ചിന്‍ ഏറെ നിരാശയോടെയാണ് അന്ന് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്. വൈകിട്ടുള്ള സെഷനില്‍ അവസാന ഒരു മണിക്കൂര്‍ എങ്കിലും പാക്കിസ്ഥാനെ ബാറ്റ് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് തിടുക്കപ്പെട്ട് ഡിക്ലയര്‍ ചെയ്തതെന്നാണ് അന്ന് രാഹുല്‍ ദ്രാവിഡ് നല്‍കിയ വിശദീകരണം.
വെസ്റ്റ് ഇന്‍ഡീസിന്റെ ഫ്രാങ്ക് വോറല്‍ ആണ് ആദ്യമായി ഇരട്ട സെഞ്ചുറിക്ക് തൊട്ടുമുന്‍പ് ഡിക്ലയര്‍ അനുഭവം നേരിട്ട താരം. 1960 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം നടക്കുമ്പോഴാണ് സംഭവം. അന്ന് ഗെറി അലക്‌സാണ്ടര്‍ ആയിരുന്നു വിന്‍ഡീസ് നായകന്‍. വോറല്‍ 197 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സമയത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഗെറി അലക്‌സാണ്ടര്‍ തീരുമാനിക്കുകയായിരുന്നു.