ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എക്കാലവും ആവേശകരമായ മത്സരങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പാകിസ്ഥാന്‍ ക്രിക്കറ്റ് ദയനീയമായ സ്ഥിതിയിലാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അമേരിക്കയോട് പോലും തോറ്റ് നാണം കെട്ട പാകിസ്ഥാന്‍ തിരിച്ചുവരവിന്റെ ഒരു സൂചനയും നല്‍കുന്നില്ല എന്നതിനാല്‍ തന്നെ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി പോലും ഉയര്‍ത്താന്‍ പാക് ടീമിനായില്ല.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 7 ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും മത്സരത്തില്‍ ശൂഭ്മാന്‍ ഗില്ലിനെ പുറത്താക്കികൊണ്ട് പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദ് നടത്തിയ ആഹ്‌ളാദ പ്രകടനമാണ് ആരാധകരെ ചൊടുപ്പിച്ചത്. പാകിസ്ഥാനെതിരെ നല്ല രീതിയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അബ്‌റാറിന്റെ പന്തില്‍ ഗില്‍ മടങ്ങിയത്. ഇതിന് പിന്നാലെ ഗില്ലിനെ പരിഹസിക്കുന്ന രീതിയിലുള്ള ആഹ്‌ളാദപ്രകടനമാണ് അബ്‌റാര്‍ നടത്തിയത്.
എന്നാല്‍ മത്സരത്തില്‍ വിരാട് കോലി സെഞ്ചുറിയോടെ തിളങ്ങി ഇന്ത്യയെ വിജയിപ്പിച്ചതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അബ്‌റാറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ രാജകുമാരനായ ഗില്ലിനെ മടക്കിയപ്പോള്‍ മതിമറന്ന അബ്‌റാര്‍ രാജകുമാരനെ തൊട്ടാല്‍ രാജാവ് മറുപടി നല്‍കുമെന്ന കാര്യം മറന്നുവെന്ന് പറഞ്ഞുകൊണ്ട് കോലിയുടെ ചിത്രങ്ങള്‍ സഹിതം മീമുകളിലൂടെയാണ് ആരാധകര്‍ അബ്‌റാറിനെ പരിഹസിക്കുന്നത്. മത്സരത്തില്‍ 111 പന്തില്‍ നിന്നും 100 റണ്‍സ് നേടിയ കോലിയുടെ പ്രകടനത്തോടെ അനായാസമായാണ് ഇന്ത്യ പാകിസ്ഥാനെ അടിയറവ് പറയിച്ചത്.