തൃശൂരില്‍ കെ.മുരളീധരന്‍ തോറ്റതിനെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ പൊട്ടിത്തെറികള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോസ് വള്ളൂരിന്റെ രാജി. സ്വയം രാജി സമര്‍പ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കെപിസിസി നേതൃത്വം ജോസ് വള്ളൂരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റും രാജി സമര്‍പ്പിച്ചു.
പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് ആയിരിക്കും ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. താല്‍ക്കാലിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ശ്രീകണ്ഠന്‍ സമ്മതം മൂളിയിട്ടുണ്ട്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം പുതിയ അധ്യക്ഷനെ തീരുമാനിക്കും.
കെ.മുരളീധരനെ തോല്‍പ്പിക്കാന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റ്, തൃശൂര്‍ മുന്‍ എംപി ടി.എന്‍.പ്രതാപന്‍ എന്നിവര്‍ ശ്രമിച്ചെന്നാണ് ജില്ലയിലെ വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നത്. സിറ്റിങ് സീറ്റായ തൃശൂരില്‍ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്ത് പോയതാണ് ജില്ലയിലെ മുരളീധര പക്ഷത്തെ പ്രകോപിപ്പിച്ചത്.
ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും മുരളീധരനെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് ആരോപണം. കെ.മുരളീധരനും ജോസ് വള്ളൂരിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.