പാകിസ്ഥാനെതിരെയുള്ള കളി ഡു ഓര്‍ ഡൈ മത്സരമാണ്: ധോണി

Webdunia
വെള്ളി, 18 മാര്‍ച്ച് 2016 (05:25 IST)
പാകിസ്ഥാനെതിരെയുള്ള കളി ഡു ഓര്‍ ഡൈ മത്സരമാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഞങ്ങള്‍ക്ക് ജയിച്ചേ പറ്റൂ. സമ്മര്‍ദ്ദം എല്ലാ കളികളിലും ഉണ്ട്. സമ്മര്‍ദ്ദമില്ലാതെ ഒരു കളിക്കും ഇറങ്ങാന്‍ പറ്റില്ല. ഇത്തവണ ആദ്യത്തെ കളി തോറ്റു. ഇനിയൊരു കളി കൂടി തോറ്റാല്‍ പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദമുണ്ടായാലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് പറ്റും എന്നാണ് ധോണിയുടെ പ്രതീക്ഷ. സമ്മര്‍ദ്ദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് നമ്മള്‍. മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കളിയില്‍ തിരുച്ചുവരുമെന്നും ധോണി വ്യക്തമാക്കി.

ശനിയാഴ്ച പാകിസ്ഥാനെതിരെ തോറ്റാല്‍ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് പ്രതീക്ഷകള്‍ അതോടെ തീരും. ന്യൂസിലന്‍ഡും പാകിസ്ഥാനും റണ്‍റേറ്റിലും വളരെ മുന്നിലാണ്. രണ്ട് ജയവുമായി മാത്രം ഇന്ത്യക്ക് സെമിഫൈനലില്‍ കയറാന്‍ പറ്റില്ല. തുടര്‍ന്നുള്ള മത്സരങ്ങളില്‍ നല്ല മാര്‍ജിനില്‍ ജയിക്കുകയും വേണം. ഒരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സെമിയില്‍ എത്തുക. 23ന് ബംഗ്ലാദേശുമായും  27ന് ഓസ്‌ട്രേലിയയായും മത്സരമുണ്ട്.