ചെറിയ സ്‌കോറിനു മുന്നില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചെങ്കിലും അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങി ഇന്ത്യ. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തളയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം കണ്ടു.
46 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 59 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറും 41 പന്തില്‍ ആറ് ഫോറും നാല് ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത ഏദന്‍ മാര്‍ക്രവുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പികള്‍. മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായില്ല.
ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. 40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 68 റണ്‍സ് നേടി. മറ്റാര്‍ക്കും സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിടി നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.