ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യ തന്നെ. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകളെ ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പൂര്‍ണമായി തള്ളി. ഒരു ഘട്ടത്തില്‍ പോലും സൂര്യയെ നായകനാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ പാണ്ഡ്യ കളിക്കില്ല.
' ശ്രീലങ്കന്‍ പര്യടനത്തിനു താന്‍ പൂര്‍ണമായി സജ്ജനെന്ന് ഹാര്‍ദിക് പാണ്ഡ്യ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം നാട്ടിലേക്ക് തിരിക്കും. പരുക്കിന്റെ ആശങ്കകളൊന്നും ഇപ്പോള്‍ പാണ്ഡ്യയ്ക്കില്ല, അദ്ദേഹം പൂര്‍ണ ഫിറ്റ്‌നെസിലാണ് ഉള്ളത്. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഏകദിന പരമ്പര കളിക്കാന്‍ അദ്ദേഹം നില്‍ക്കാത്തത്,' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ട്വന്റി 20 ഫോര്‍മാറ്റില്‍ പാണ്ഡ്യ മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുക്കും. രോഹിത്തിന്റെ പിന്‍ഗാമിയായി പാണ്ഡ്യ മാത്രമാണ് നിലവില്‍ ബിസിസിഐയുടെ പരിഗണനയിലുള്ളത്. സൂര്യകുമാര്‍ യാദവിനെ ഒരു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിച്ചിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വീതം മത്സരങ്ങളുള്ള ട്വന്റി 20, ഏകദിന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഗംഭീറിന്റെ ആദ്യ പര്യടനം കൂടിയാണ് ഇത്. ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക.