ഒപ്പം കളിച്ചുവളർന്ന കോലി ഒരുപാട് മാറി, സൗഹൃദം പുലർത്തുന്നത് ചുരുക്കം പേരോട് മാത്രം, എന്നാൽ രോഹിത് അങ്ങനെയല്ല: അമിത് മിശ്ര
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരമായിരുന്ന വിരാട് കോലിയെ പറ്റി വെളിപ്പെടുത്തലുകളുമായി സ്പിന്നര്‍ അമിത് മിശ്ര. 2015-2017 വരെയുള്ള കാലയളവില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അമിത് മിശ്ര കളിച്ചിരുന്നു. കോലിയ്ക്ക് 14 വയസുള്ള കാലം മുതല്‍ തന്നെ കോലിയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ക്രിക്കറ്റില്‍ വലിയ താരമായതിന് ശേഷം കോലിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായെന്നുമാണ് അമിത് മിശ്ര പറയുന്നത്.
രോഹിത്തുമായി ആദ്യകാലം മുതല്‍ സൗഹൃദപരമായ ബന്ധമുണ്ടായിരുന്നുവെന്നും അതില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്നും പറയുന്ന മിശ്ര കോലിയുടെ കാര്യത്തില്‍ അത് അങ്ങനെയല്ലെന്നാണ് വ്യക്തമാക്കിയത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ കോലിയെ വളരെയധികം ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ മുന്‍പ് പങ്കിട്ട അതേ സൗഹൃദം കോലിയുമായില്ല. എന്തുകൊണ്ടാണ് കോലിയ്ക്ക് വളരെ കുറച്ച് സുഹൃത്തുക്കളും രോഹിത്തിന് ധാരാളം സുഹൃത്തുക്കളുമുള്ളത്. രണ്ട് പേരുടെയും സ്വഭാവങ്ങള്‍ വ്യത്യസ്തമാണ്. ഞാന്‍ ആദ്യം കണ്ട അതേ രോഹിത് തന്നെയാണ് ഇപ്പോഴുമുള്ളത്.
കോലി ക്യാപ്റ്റനായപ്പോഴും തുടരെ വിജയങ്ങള്‍ ഉണ്ടായപ്പോഴും കോലിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതായി അമിത് മിശ്ര പറയുന്നു. വിരാട് വളരെയധികം മാറി. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് പോലും ഏതാണ്ട് നിര്‍ത്തി. നിങ്ങള്‍ക്ക് പ്രശസ്തിയും ശക്തിയും ലഭിക്കുമ്പോള്‍ ആളുകള്‍ അത് മുതലെടുക്കണമെന്ന ലക്ഷ്യത്തോട് കൂടിയാണ് നിങ്ങളോട് അടുക്കുന്നതെന്ന് കരുതും. ഞാന്‍ അത്തരത്തിലുള്ള ആളായിരുന്നില്ല. ചീക്കുവിന് 14 വയസുള്ള കാലം മുതലെ അവനെ അറിയാം. ഞാന്‍ അറിയുന്ന ചീക്കുവും വിരാട് കോലി എന്ന ക്യാപ്റ്റനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നെ കാണുമ്പോഴെല്ലാം ബഹുമാനത്തോടെയാണ് ചീക്കു പെരുമാറിയിരുന്നത്. എന്നാല്‍ ക്യാപ്റ്റനായ ശേഷം ഇതില്‍ മാറ്റം വന്നെന്നും മിശ്ര പറയുന്നു. യൂട്യൂബര്‍ ശുഭങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.