ഗംഭീര്‍ എത്ര വാശിപിടിച്ചിട്ടും കാര്യമില്ല; ദിലീപിനെ തൊടാന്‍ സമ്മതിക്കാതെ ബിസിസിഐ

രേണുക വേണു

ചൊവ്വ, 16 ജൂലൈ 2024 (12:10 IST)
T Dilip and Gautam Gambhir

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ബിസിസിഐയും തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഫീല്‍ഡിങ് പരിശീലകനെ മാറ്റാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നിലവിലെ ഫീല്‍ഡിങ് പരിശീലകനായ ടി.ദിലീപിനു പകരം വിദേശ പരിശീലകന്റെ പേരാണ് ഗംഭീര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡിങ് പരിശീലകനാണ് ദിലീപ് എന്നും തല്‍സ്ഥാനത്തേക്ക് പുതിയ ആളുടെ ആവശ്യമില്ലെന്നും ബിസിസിഐ നിലപാടെടുത്തു. 
 
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കൂടിയായ ജോണ്ടി റോണ്ട്‌സിനെയാണ് ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ചത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉപദേഷ്ടാവ് ആയിരുന്ന സമയത്ത് ഗംഭീര്‍ ജോണ്ടി റോണ്ട്‌സിനൊപ്പം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ഗംഭീര്‍ റോണ്ട്‌സിനു വേണ്ടി രംഗത്തെത്തിയത്. എന്നാല്‍ ബിസിസിഐ ഈ ആവശ്യം തള്ളി. 
 
ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മനോഭാവത്തില്‍ മാറ്റം കൊണ്ടുവന്നത് ദിലീപ് ആണെന്നാണ് ബിസിസിഐ പറയുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ ഇത്രയും മികച്ച ഫീല്‍ഡിങ് പരിശീലകന്‍ ലഭ്യമായിരിക്കെ വിദേശ പരിശീലകനെ തേടേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഒടുവില്‍ ബിസിസിഐയുടെ തീരുമാനത്തെ ഗംഭീറും പിന്തുണച്ചിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍