കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ടി20യിൽ 2000 റൺസ്, കോലിയ്ക്കൊപ്പമെത്തി സൂര്യകുമാർ

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (16:52 IST)
ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ഫിഫ്റ്റി നേടിയതോടെയാണ് താരം നാഴികകല്ല് പിന്നിട്ടത്. 56 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2041 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്. 3 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 44.37 എന്ന ശരാശരിയില്‍ 171 എന്ന മികച്ച സ്‌െ്രെടക്ക്‌റേറ്റിലാണ് സൂര്യ ഇത്രയും റണ്‍സുകള്‍ അടിച്ചെടുത്തത്.
 
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ നാലാം സ്ഥാനത്താണ് സൂര്യ. 107 ഇന്നിങ്ങ്‌സുകളില്‍ നിന്നും 4008 റണ്‍സുള്ള വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 140 ഇന്നിങ്ങ്‌സുകളില്‍ നിന്നും 3853 റണ്‍സുമായി രോഹിത് ശര്‍മ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 68 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2256 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് പട്ടികയില്‍ മൂന്നാമത്. 56 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സൂര്യയും കോലിയും ടി20യില്‍ 2000 റണ്‍സെന്ന നേട്ടത്തിലെത്തിയത്. 52 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2000 റണ്‍സ് സ്വന്തമാക്കിയ പാക്കിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്.
 
അതേസമയം ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും സൂര്യയുടെ പേരിലായി. 2007ല്‍ ധോനി നായകനെന്ന നിലയില്‍ നേടിയ 45 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴംകഥയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article