ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഏറ്റവും പ്രധാനമായത് നായകനായ രോഹിത് ശര്‍മ നല്‍കിയ മികച്ച തുടക്കങ്ങളായിരുന്നു. ടി20 ലോകകപ്പ് ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രോഹിത് ഇന്ത്യയുടെ ടി20 ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രോഹിത് ഇല്ലെങ്കിലും ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ചെയ്തതെന്തണോ അതേ കാര്യം ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിവുള്ള ഒരു താരം ഇന്ത്യന്‍ ടീമിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നൂ.
യശ്വസി ജയ്‌സ്വാളാണ് രോഹിത് ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി ചെയ്തത് ടി20യില്‍ പകര്‍ത്താന്‍ കഴിവുള്ള താരമെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഐപിഎല്ലിലെ താരബാഹുല്യം കാരണം ടി20 ക്രിക്കറ്റില്‍ ഒരേസമയം രണ്ട് ടീമുകളെ കളിപ്പിക്കാനുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ടി20യില്‍ ഇന്ത്യ സമീപനം മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ താരം യശ്വസി ജയ്‌സ്വാളാണ് മഞ്ജരേക്കര്‍ പറഞ്ഞു. ഇന്ത്യയ്ക്കായി 13 ടി20 മത്സരങ്ങള്‍ കളിച്ച 21കാരനായ താരം ഒരു സെഞ്ചുറിയും 2 അര്‍ധസെഞ്ചുറിയും അടക്കം 370 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 48.08 ശരാശരിയില്‍ 163 സ്ട്രൈക്ക് റേറ്റില്‍ 625 റണ്‍സാണ് താരം അടിച്ചെടുത്തത്.