കൊൽക്കത്തയ്ക്ക് നായകനായി ശ്രേയസിനെ വേണ്ടെന്ന് ഗംഭീർ, താരം 2018ലെ പക തീർക്കുകയാണോ?

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (16:38 IST)
ഐപിഎല്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ക്യാപ്റ്റന്‍സിയെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു, ശ്രേയസ് അയ്യര്‍ക്ക് പകരം നിതീഷ് റാണയെ ടീം ക്യാപ്റ്റനാക്കാനുള്ള നീക്കത്തിലാണ് പുതുതായി മെന്ററായി ചുമതലയേറ്റ മുന്‍ കൊല്‍ക്കത്ത നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍. കഴിഞ്ഞ സീസണില്‍ ശ്രേയസ് പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് നിതീഷ് റാണ കൊല്‍ക്കത്തയുടെ താല്‍ക്കാലിക നായകനായത്.
 
റാണയ്ക്ക് പക്ഷേ കഴിഞ്ഞ സീസണില്‍ നായകനെന്ന നിലയില്‍ തിളങ്ങാനായിരുന്നില്ല. ഏഴാമതായാണ് ടീം കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. പരിക്കില്‍ നിന്നും ശ്രേയസ് തിരിച്ചെത്തിയ സാഹചര്യത്തില്‍ പുതിയ സീസണില്‍ ശ്രേയസ് തന്നെ നായകനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ക്ലബ് മെന്ററായി എത്തിയ ഗംഭീര്‍ റാണയെ നായകനാക്കി നിലനിര്‍ത്തണമെന്നാണ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹിക്ക് വേണ്ടി നിതീഷ് റാണയും ഗംഭീറും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇതാണ് ഗംഭീറിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
 
അതേസമയം 2018ല്‍ ഐപിഎല്ലില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍ദ് ഗംഭീറിനെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കിയപ്പോള്‍ പകരം ക്യാപ്റ്റനായത് ശ്രേയസ് അയ്യരായിരുന്നു. ഇതിന്റെ കലിപ്പാണ് ഗംഭീര്‍ ഇപ്പോള്‍ തീര്‍ക്കുന്നതെന്ന് പറയുന്നവരും കുറവല്ല. 2021ലെ ഐപിഎല്‍ സീസണില്‍ പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ശ്രേയസ് അയ്യര്‍ക്ക് ഡല്‍ഹി ടീമിനെ നായകസ്ഥാനം നഷ്ടമാകുന്നത്. പിന്നീട് പകരം ക്യാപ്റ്റനായെത്തിയ റിഷഭ് പന്തിനെ ശ്രേയസ് മടങ്ങിയെത്തിയപ്പോഴും ടീം ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു. ഇതേ വിധിതന്നെയാണ് നിതീഷ് റാണയിലൂടെ ശ്രേയസിന് കൊല്‍ക്കത്തയിലും സംഭവിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article