മുങ്ങിത്താഴുന്ന മുംബൈയെ പൊക്കിവെയ്ക്കാൻ സൂര്യ വരുന്നു, സീൻ മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

അഭിറാം മനോഹർ
ശനി, 6 ഏപ്രില്‍ 2024 (14:24 IST)
ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ടി20യിലെ നമ്പര്‍ വണ്‍ താരമായ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. ടീം ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് താരം ഐപിഎല്ലില്‍ തിരിച്ചെത്തിയിരിക്കുന്നത്. ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഞായറാഴ്ച ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സൂര്യ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.
 
ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം സൂര്യകുമാര്‍ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും പരാജയപ്പെട്ട് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈയുള്ളത്. സൂര്യകുമാര്‍ യാദവിന്റെ അസാന്നിധ്യത്തില്‍ യുവതാരമായ നമന്‍ ധിറാണ് കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈയ്ക്കായി കളിച്ചത്. രോഹിത്,ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം സൂര്യകുമാര്‍ കൂടി എത്തുന്നത് മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് ലൈനപ്പിന്റെ ആഴം ഉയര്‍ത്തും.
 
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ സൂര്യ എത്തുമ്പോള്‍ താരത്തിന്റെ സമീപനം എങ്ങനെയാകുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഹാര്‍ദ്ദിക് ഗുജറാത്തിലേക്ക് പോയ സാഹചര്യത്തില്‍ രോഹിത്തിന് ശേഷം മുംബൈ ടീമിനെ സൂര്യകുമാര്‍ യാദവോ, ജസ്പ്രീത് ബുമ്രയോ നയിക്കുമെന്നാണ് കരുതിയിരുന്നത്. അതിനാല്‍ തന്നെ ഹാര്‍ദ്ദിക് ടീമില്‍ മടങ്ങിയെത്തിയതില്‍ ബുമ്രയ്ക്കും സൂര്യയ്ക്കും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും സീസണ്‍ അവസാനിക്കുമ്പോള്‍ 16 മത്സരങ്ങളില്‍ നിന്നും 603 റണ്‍സുമായി മുംബൈയുടെ ടോപ് സ്‌കോററാകുവാന്‍ സൂര്യയ്ക്കായിരുന്നു. 181.1 സ്ട്രൈക്ക് റേറ്റിലായിരുന്നു സീസണിലെ സൂര്യയുടെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

Next Article