മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്‌മാന്‍ സുരേഷ് റെയ്‌ന. ഐപിഎല്ലുമായി ബന്ധപ്പെട്ട് താന്‍ ഒരു വ്യവസായിയില്‍ നിന്നും കോഴ വാങ്ങിയിട്ടില്ല. ശരിയായ അര്‍ഥത്തിലും പൂര്‍ണ അര്‍പ്പണ മനോഭാവത്തോടെയുമാണ് താന്‍ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. ആരോപണം ഉന്നയിച്ച ലളിത് മോഡിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും റെയ്‌ന പറഞ്ഞു.
ക്രിക്കറ്റ് തന്റെ ആത്മാവിന്‍റെ ഭാഗമാണ്. ക്രിക്കറ്റ് ജീവിതത്തില്‍ വഞ്ചനയുടെ നിഴല്‍പ്പാടുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കളിക്കുന്നത് ഏത് ടീമിന്‍റെ ഭാഗമായാലും സത്യസന്ധമായിട്ടാണ് അന്നും എന്നും കളിക്കുന്നതെന്നും റെയ്‌ന പറഞ്ഞു. ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, വിന്‍ഡീസ് താരം ഡെയ്‌ന്‍ ബ്രാവോ എന്നിവര്‍ ഒരു വ്യവസായിയില്‍ നിന്നും പണം കൈപ്പറ്റിയതായിട്ടാണ് ലളിത് മോഡി ഐസിസിയെ അറിയിച്ചിരുന്നത്.