ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വിഖ്യാത ബാറ്റിംഗ് നിര തകരുന്നത് പതിവായതോടെ പുതിയ ആവശ്യവുമായി
ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.
ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്.
ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ട ശിഖര്‍ ധവാനെ ലോഡ്‌സ് ടെസ്‌റ്റില്‍ കളിപ്പിക്കാതിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
“ധവാന്‍ ഒരു ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ ആണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിരുന്നു. ബര്‍മിങാം ടെസ്‌റ്റില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവരേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ധവാന്‍ സ്വന്തമാക്കി. എന്നിട്ടും അവനെ എന്ത് കാരണത്താലാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത്“- എന്നും ഗവാസ്‌കര്‍ ചോദിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ദിനേഷ് കാര്‍ത്തിക്കിന് പുറത്തിരിക്കേണ്ടി വരും. മോശം ബാറ്റിംഗും വിക്കറ്റിന് പിന്നിലെ പ്രകടനവും തമിഴ്‌നാട് താരത്തിന് വെല്ലുവിളിയാകുന്നുണ്ട്.