പത്ത് വര്‍ഷത്തിനിടെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനായിട്ടില്ല എന്ന നാണക്കേട് ഇന്ത്യയെ വേട്ടയാടവെ ഇന്ത്യന്‍ നായകന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. പരമ്പരയില്‍ തോറ്റ് തുന്നം പാടിയാലും ഇപ്പോഴത്തെ ക്യാപ്റ്റന്മാര്‍ സേഫാണെന്ന് ഗവാസ്‌കര്‍ പറയുന്നു. ധോനി മുതല്‍ രോഹിത് വരെയുള്ളവരുടെ അവസ്ഥ ഇതുതന്നെയാണെന്നാണ് ഗവാസ്‌കറുടെ പരിഹാസം. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനത്തെ ഉന്നം വെച്ചാണ് ഗവാസ്‌കറുടെ ഒളിയമ്പ്.
തോറ്റാലും താന്‍ ആ സ്ഥാനത്ത് തന്നെ തുടരുമെന്ന് ക്യാപ്റ്റനറിയാം. ഇത് അടുത്ത കാലത്തെ സംഭവമല്ല. 2011 മുതല്‍ ഇതാണ് സംഭവിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യ 04 എന്ന നിലയില്‍ പരമ്പര കൈവിട്ടിട്ടുണ്ട്. എന്നിട്ടും നായകന്‍ മാറിയില്ല. ധോനിയെ ഉന്നം വെച്ച് കൊണ്ട് ഗവാസ്‌കര്‍ പറഞ്ഞു. 2011/2013 സീസണില്‍ ഇംഗ്ലണ്ടും ഓസീസും ഇന്ത്യയെ ടെസ്റ്റില്‍ വൈറ്റ് വാഷ് ചെയ്തതിനെ പറ്റിയാണ് ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരത്തില്‍ ടെസ്റ്റില്‍ തോറ്റമ്പിയിട്ടും 2014 വരെ ധോനിയായിരുന്നു ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍.
2014ലെ ഓസീസ് പര്യടനത്തിലാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 2021-2022 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് കോലിയെ മാറ്റി രോഹിത് നായകനായത്. കോലിക്കും രോഹിത്തിനും കീഴില്‍ കളിച്ച 2 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിനൊപ്പം ഏകദിന ലോകകപ്പിലും ടി20 ലോകകപ്പുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.