പത്ത് ആഴ്ച ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടി കഴിഞ്ഞു, വേഗത കുറഞ്ഞ വൈ-ഫൈ, നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് പോലും നടക്കുന്നില്ല, ആ വിഷമം എനിക്കറിയാം; ഇന്ത്യയിലെത്തിയപ്പോള്‍ നേരിട്ടതിനെ കുറിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ കടുത്ത ബയോ-ബബിള്‍ നിയന്ത്രണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ടീം കടന്നുപോയതെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ക്രിക്കറ്റ് കളിക്കേണ്ടി വന്ന ദുസഹമായ സാഹചര്യത്തെ കുറിച്ച് വിവരിക്കുകയായിരുന്നു ബ്രോഡ്. മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയും ഭയവും തനിക്ക് മനസിലാകുമെന്നും അതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളെ കുറ്റം പറയേണ്ടതില്ലെന്നും ബ്രോഡ് പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥയില്‍ ആര്‍ക്കായാലും പേടി തോന്നുമെന്നാണ് ബ്രോഡ് പറയുന്നത്.
'അവര്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സംഭവിച്ച കാര്യങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. പത്ത് ആഴ്ചയോളം ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ഞങ്ങള്‍ മറ്റ് മനുഷ്യരെ ഈ കാലയളവില്‍ കണ്ടിട്ടില്ല. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ടിവന്നു. വൈ-ഫൈ സൗകര്യം പോലും വളരെ വേഗത കുറഞ്ഞതായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യാന്‍ പോലും സാധിച്ചില്ല. ഐപിഎല്‍ സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ കളിക്കാതിരുന്നതെന്ന് ഞാന്‍ പറയില്ല. ആശങ്കയുണ്ടാകുക സ്വാഭാവികമാണ്,' ബ്രോഡ് പറഞ്ഞു.