Stuart Broad: അവസാന ബോളില്‍ സിക്‌സും വിക്കറ്റും ! ബ്രോഡ് പടിയിറങ്ങുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കി

ചൊവ്വ, 1 ഓഗസ്റ്റ് 2023 (08:29 IST)
Stuart Broad: സ്റ്റുവര്‍ട്ട് ബ്രോഡിന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് അവസാനമായി. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റും കളിച്ചാണ് ബ്രോഡ് പടിയിറങ്ങുന്നത്. അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് 49 റണ്‍സിന് തോല്‍പ്പിച്ചു. ഓസീസിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത് ബ്രോഡ് ആണ്. മാത്രമല്ല മറ്റൊരു അപൂര്‍വ നേട്ടം കൂടി സ്വന്തമാക്കിയാണ് ബ്രോഡിന്റെ വിരമിക്കല്‍. 
 
ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ അവസാന ബോളില്‍ സിക്‌സും ബൗളിങ്ങില്‍ അവസാന പന്തില്‍ വിക്കറ്റും നേടിയാണ് ബ്രോഡിന്റെ രാജകീയമായ പടിയിറക്കം. അലക്‌സ് ക്യാരിയെ പുറത്താക്കിയാണ് ബ്രോഡ് ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റ് സ്വന്തമാക്കിയത്. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ നേരിട്ട അവസാന പന്തില്‍ ബ്രോഡ് സിക്‌സര്‍ പറത്തുകയും ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് ബ്രോഡ് സിക്‌സ് നേടിയത്. നേരിട്ട അവസാന പന്തില്‍ സിക്‌സും കരിയറിലെ അവസാന പന്തില്‍ വിക്കറ്റും നേടുന്ന ആദ്യ താരമാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. 
 
ടെസ്റ്റ് ക്രിക്കറ്റില്‍ 309 ഇന്നിങ്‌സുകളില്‍ നിന്നായി 604 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ബ്രോഡിന്റെ വിരമിക്കല്‍. ഏകദിനത്തില്‍ 121 ഇന്നിങ്‌സുകളില്‍ നിന്ന് 178 വിക്കറ്റുകളും ട്വന്റി 20 യില്‍ 55 ഇന്നിങ്‌സുകളില്‍ നിന്ന് 65 വിക്കറ്റുകളും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍