'ഒന്നിനും കൊള്ളാത്ത പരിശീലകന്‍, ദ്രാവിഡിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പും ലോകകപ്പും നഷ്ടമാകും'; ആരാധകര്‍ വന്‍ കലിപ്പില്‍

തിങ്കള്‍, 31 ജൂലൈ 2023 (16:27 IST)
ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ ആരാധകര്‍. ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ദ്രാവിഡ് ചെയ്യുന്നതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ലോകകപ്പ് കളിക്കാനുള്ള മറ്റ് ടീമുകളെല്ലാം അവരുടെ സ്‌ക്വാഡ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ആരൊക്കെ ഏത് പൊസിഷനില്‍ കളിക്കണമെന്നും മിക്ക ടീമുകളും തീരുമാനിച്ചു. എന്നാല്‍ ആതിഥേയരായ ഇന്ത്യക്ക് ഇപ്പോഴും എല്ലാ കാര്യങ്ങളിലും അനിശ്ചിതത്വം തുടരുകയാണെന്നും അതിനു കാരണം ദ്രാവിഡ് ആണെന്നും ആരാധകര്‍ പറയുന്നു. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദ്രാവിഡ് നടത്തിയ പരീക്ഷണങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ ടീമില്‍ സ്ഥാനം ഉറപ്പിച്ച രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഏകദിനം കളിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയാണ് ദ്രാവിഡ് ചെയ്യേണ്ടിയിരുന്നത്. അവര്‍ ഏകദിനങ്ങള്‍ കളിച്ചിട്ട് വലിയൊരു ഇടവേള കഴിഞ്ഞു. അതുകൊണ്ട് ഏകദിന ഫോര്‍മാറ്റില്‍ താളം കണ്ടെത്താന്‍ ഏതാനും അവസരങ്ങള്‍ നല്‍കേണ്ട സമയത്ത് അവര്‍ക്ക് വിശ്രമം അനുവദിച്ചത് എന്ത് തന്ത്രമാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണിനെയും മൂന്നും നാലും നമ്പറുകളില്‍ പരീക്ഷിക്കാനുള്ള തീരുമാനത്തെയും ആരാധകര്‍ ചോദ്യം ചെയ്തു. ഒന്നാം ഏകദിനത്തില്‍ സൂര്യയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത്. രണ്ടാം ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത് സഞ്ജുവും. ഏറെ കാലമായി നാലും അഞ്ചും നമ്പറുകളിലാണ് ഇന്ത്യ പ്രതിസന്ധി നേരിടുന്നത്. നന്നായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കഴിവുള്ള സഞ്ജുവിനേയും സൂര്യയേയും നാല്, അഞ്ച്, ആറ് നമ്പറുകളില്‍ പരീക്ഷിക്കേണ്ടതിനു പകരം എന്തിനാണ് ഇത്ര നേരത്തെ ഇറക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. നാല്, അഞ്ച് നമ്പറുകളില്‍ സഞ്ജുവിനും സൂര്യക്കും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ ദ്രാവിഡ് തയ്യാറാകണമെന്നാണ് ആരാധകരുടെ അഭിപ്രായം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇന്ത്യക്ക് കിട്ടണമെങ്കില്‍ ദ്രാവിഡിനെ പുറത്താക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ തുറന്നടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍