ലോകകപ്പെത്തുമ്പോഴേക്കും സൂര്യയെ താളത്തിലെത്തിക്കാന്‍ മാനേജ്‌മെന്റ് നീക്കം, സഞ്ജുവിന് ഇനി അവസരം ലഭിച്ചേക്കില്ല

തിങ്കള്‍, 31 ജൂലൈ 2023 (13:11 IST)
ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ പല യുവതാരങ്ങള്‍ക്കും ഏറെ നിര്‍ണായകമായ പരമ്പരയാണ് വെസ്റ്റിന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഇഷാന്‍ കിഷനടക്കം പല താരങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തുമ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും അടക്കമുള്ള താരങ്ങള്‍ നടത്തുന്നത്. ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമില്‍ ഇനി കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സ്ഥാനമില്ല എന്നതാണ് സത്യം.
 
ഈ സാഹചര്യത്തില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം വേണമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഏകദേശ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. പരിക്കിലുള്ള ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുമ്ര എന്നിവരുടെ തിരിച്ചുവരവിനെ ആശ്രയിച്ചായിരിക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുക. ഏഷ്യാകപ്പിനുള്ള ടീമില്‍ ഈ താരങ്ങള്‍ ഉള്‍പ്പെടുകയാണെങ്കില്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ താരമാവുക. നിലവിലെ സാഹചര്യത്തില്‍ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടും.
 
ടി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. വരാനിരുക്കുന്ന ഏകദിന പരമ്പരകളിലെല്ലാം തന്നെ താരത്തിന് അവസരം നല്‍കി ലോകകപ്പിന് മുന്‍പ് താരത്തെ ഏകദിന ഫോര്‍മാറ്റില്‍ പ്രാപ്തനാക്കാനാണ് ബിസിസിഐ ശ്രമം. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കൃത്യമായ സ്വാധീനം ചെലുത്താന്‍ താരത്തിനാകുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തുമ്പോഴും സൂര്യകുമാര്‍ പ്ലേയിംഗ് ഇലവനില്‍ അവസരം നേടും. സഞ്ജു സാംസണാകും പകരം ടീമില്‍ നിന്നും പുറത്താകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍