ലോകകപ്പ് അടുത്തിട്ടും പരീക്ഷണങ്ങൾ, 2007ലെ പരാജയം ആവർത്തിക്കുന്നതിലേക്കോ ഇന്ത്യയുടെ പോക്ക്

വെള്ളി, 28 ജൂലൈ 2023 (20:22 IST)
ലോകകപ്പ് അടുത്തിരിക്കെ ബാറ്റിംഗ് ഓര്‍ഡറില്‍ തുടരെ പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ടീം. താരതമ്യേന ദുര്‍ബലരായ വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യമത്സരത്തില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തിയ ഗില്‍ വിന്‍ഡീസിനെതിരായ ആദ്യമത്സരത്തിലും നിരാശപ്പെടുത്തി. മൂന്നാം നമ്പര്‍ സ്ഥാനത്ത് രോഹിത് എത്തുമെന്നുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൂര്യകുമാര്‍ യാദവാണ് മൂന്നാമതെത്തിയത്. തുടര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ക്രീസിലെത്തിയപ്പോള്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങാനാണ് രോഹിത് തീരുമാനിച്ചത്.
 
ഒക്ടോബറില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യയുടെ ഈ പരീക്ഷണങ്ങള്‍. ലോകകപ്പ് ടീമില്‍ ആരായിരിക്കും ഇന്ത്യയുടെ സ്ഥിരമായ നമ്പര്‍ 4 എന്ന സംശയങ്ങള്‍ ഇപ്പോളും തുടരുന്നതിനിടെയാണ് ഇത്തരം പരീക്ഷണങ്ങളെന്നത് കുറചെങ്കിലും ആരാധകരെ ചൊടുപ്പിക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ താരങ്ങളെ വെച്ച് മികച്ച ടീം നിര്‍മിക്കുന്നത് പകരം ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരിക്ക് മാറിയെത്തുമ്പോള്‍ അവരെ ലോകകപ്പ് ടീമിന്റെ ഭാഗമാക്കുന്ന സമീപനമാകും ഇന്ത്യ സ്വീകരിക്കുക.
 
ഏഷ്യാകപ്പ് മത്സരങ്ങള്‍ മാത്രമാകും പരിക്കില്‍ നിന്നും മാറിയെത്തുന്ന താരങ്ങള്‍ക്ക് ലോകകപ്പിന് മുന്‍പ് കളിക്കാനാവുക എന്ന സാഹചര്യത്തില്‍ ഈ താരങ്ങള്‍ താളം വീണ്ടെടുക്കുന്നതില്‍ പരാജയമായാല്‍ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ അത് നല്ല രീതിയില്‍ ബാധിക്കും. കഴിഞ്ഞ ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്തെ പരീക്ഷണങ്ങള്‍ ഇന്ത്യയെ വലിയ രീതിയില്‍ ബാധിച്ചെങ്കില്‍ ഇത്തവണ ലോകകപ്പിന് തൊട്ടുമുന്‍പ് വരെ ടീം ഈ പരീക്ഷണങ്ങള്‍ തുടരുമെന്ന സൂചനയാണ് ടീം നായകന്‍ രോഹിത് ശര്‍മ നല്‍കുന്നത്. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നുമായി ലോകകപ്പിന് പോയി നാണം കെട്ട് മടങ്ങേണ്ടി വന്ന 2007ലോകകപ്പിന്റെ ആവര്‍ത്തനമാകും ഇന്ത്യയെ കാത്തിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍