ഏകദിന ഫോർമാറ്റിൽ പരാജയമെന്ന് തെളിയിച്ചിട്ടും പിന്നെയും പിന്നെയും എന്തിന് സൂര്യയ്ക്ക് അവസരം നൽകുന്നു? കലിപ്പിൽ ആരാധകർ

വെള്ളി, 28 ജൂലൈ 2023 (16:29 IST)
ടി20 ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെയും തന്റെ കഴിവ് തെളിയിക്കാന്‍ ഇന്ത്യന്‍ താരമായ സൂര്യകുമാര്‍ യാദവിനായിട്ടില്ല. ചുരുക്കം ബോളുകളില്‍ നിന്ന് മത്സരഗതി മാറ്റിമറിയ്ക്കാന്‍ കഴിയുന്ന സൂര്യയെ പോലൊരു താരം ലോകകപ്പ് പോലൊരു വേദിയില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഏകദിനത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തിന് തുടര്‍ന്നും അവസരങ്ങള്‍ നല്‍കുന്നത് സഞ്ജു സാംസണ്‍ അടക്കമുള്ള പലതാരങ്ങളോടും ചെയ്യുന്ന അനീതിയാണ്.
 
ഏകദിനത്തില്‍ കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 19,0,0,0,14,0,31,4,6,34,4 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. അതായത് കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളില്‍ നിന്നും 11 റണ്‍സ് ശരാശരിയില്‍ വെറും 121 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴും തുടര്‍ന്നും അവസരങ്ങളുടെ പെരുമഴയാണ് താരത്തിന് ലഭിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണാകട്ടെ അവസാന 10 ഏകദിനങ്ങളില്‍ നിന്നും 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടി20യില്‍ സൂര്യയ്ക്ക് മികച്ച റെക്കോര്‍ഡുള്ളതിനാല്‍ സഞ്ജുവിന് അവസരം നല്‍കാനാവില്ലെന്ന് പറയുന്നവര്‍ പക്ഷേ ഏകദിനത്തിലേയ്‌ക്കെത്തുമ്പോള്‍ ഈ ലോജിക് ഉപയോഗിക്കുന്നില്ലെന്നും ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരം ഇങ്ങനെ ടീമിന് വെളിയില്‍ നില്‍ക്കുന്നത് നീതികരിക്കാനാവുന്നതെല്ലെന്നും ആരാധകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍