Sanju Samson: രോഹിത്തും ദ്രാവിഡും ചേര്‍ന്ന് സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുന്നു; ആരാധകര്‍ കലിപ്പില്‍

വെള്ളി, 28 ജൂലൈ 2023 (10:18 IST)
Sanju Samson: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരുടെ പ്രതിഷേധം. ബിസിസിഐയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജുവിന്റെ ആരാധകര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയത്. മാത്രമല്ല ഏകദിനത്തില്‍ വളരെ മോശം പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു. എന്നിട്ടും സഞ്ജുവിന് അവ്‌സരം നല്‍കാത്തത് പക്ഷപാതം കാണിക്കല്‍ ആണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. രോഹിത്തും ദ്രാവിഡും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഇന്ത്യക്ക് വേണ്ടി 11 ഏകദിനങ്ങളാണ് സഞ്ജു കളിച്ചിട്ടുള്ളത്. 66 ശരാശരിയില്‍ 330 റണ്‍സും നേടിയിട്ടുണ്ട്. 104.76 സ്‌ട്രൈക്ക് റേറ്റോടെ രണ്ട് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചിട്ടുള്ള താരമാണ് സഞ്ജുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 
 
അതേസമയം ഇഷാന്‍ കിഷന്റേയും സൂര്യകുമാര്‍ യാദവിന്റേയും പ്രകടനങ്ങള്‍ സഞ്ജുവിനോളം എത്തില്ല. 15 ഏകദിനങ്ങളില്‍ നിന്ന് 43.23 ശരാശരിയില്‍ 562 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്‍ ഇതുവരെ നേടിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക ഇന്നിങ്‌സുകളിലും ഇഷാന്‍ ശരാശരി പ്രകടനം മാത്രമാണ് നടത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അത് ഇഷാന്‍ കിഷനേക്കാള്‍ മോശമാണ്. 24 ഏകദിനങ്ങളില്‍ നിന്ന് വെറും 23.79 ശരാശരിയില്‍ 452 റണ്‍സാണ് സൂര്യ നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 100.67 മാത്രം. 
 
കണക്കുകളെല്ലാം സഞ്ജുവിന് അനുകൂലമാണെങ്കിലും ടീം സെലക്ഷനിലേക്ക് വരുമ്പോള്‍ മലയാളി താരം പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ഇത് രോഹിത്തും രാഹുലും അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്നും സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുകയാണ് ഇരുവരും ചെയ്യുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍