റെക്കോര്‍ഡുകളുടെ തോഴനായ ക്രികറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളും നേട്ടങ്ങളും ഒന്നൊന്നായി മറികടക്കുകയെന്ന ഡ്യൂട്ടിയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കരിയറിന്റെ അവസാനത്തോടെ ക്രിക്കറ്റ് ലോകത്ത് ഒരു പിടി നേട്ടങ്ങള്‍ വിരാട് സ്വന്തമാക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍, അഭിമാന നേട്ടമായി കോഹ്‌ലി കരുതുന്ന ഐസിസി ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി ഉയരുകയാണ്. പന്ത് ചുരുണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം മടങ്ങി എത്തിയ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്താണ് ഇന്ത്യന്‍ ക്യാപ്‌റ്റനെ അതിവേഗം പിന്തുടരുന്നത്.
ഇംഗ്ലണ്ടിനെതിരായ ആഷസ് പോരാട്ടത്തില്‍ സ്‌മിത്തിന്റെ ബാറ്റ് റണ്‍ വാരി കൂട്ടിയതോടെ പോയന്റ് പട്ടികയില്‍ രണ്ടാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാത്തേക്ക് വീണു. 922 പോയിന്റുമായി കോഹ്‌ലി മുന്നിലാണെങ്കിലും 913 പോയിന്റാണ് സ്‌മിത്തിനുള്ളത്. അതായത് ഒമ്പത് പോയിന്റിന്റെ വ്യത്യാസം മാത്രം.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റിലെ മോശം പ്രകടനമാണ് ആരാധകരുടെ പ്രിയതാരമായ വില്യംസണ് തിരിച്ചടിയായത്. 887 പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ആഷസ് മത്സരങ്ങളില്‍ സ്‌മിത്ത് മികവ് തുടര്‍ന്നാല്‍ കോഹ്‌ലിക്ക് തിരിച്ചടിയാകും.
എന്നാല്‍, വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ഫോം തുടര്‍ന്നാല്‍ കോഹ്‌ലിക്ക് പോയിന്റ് നില ഉയര്‍ത്താനാകും. ബൗളര്‍മാരില്‍ 914 പോയിന്റുമായി ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്.