സര്‍ക്കാര്‍ ഇടപെടല്‍ രൂക്ഷം; സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിനെ ഐസിസി വിലക്കി

വെള്ളി, 19 ജൂലൈ 2019 (13:31 IST)
ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്കേർപ്പെടുത്തി. സിംബാബ്‍വെയിൽ നടന്ന കാര്യങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ വ്യക്തമാക്കി.

ലണ്ടനിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സിംബാബ്‍വെയെ വിലക്കാനുള്ള തീരുമാനം ഐ സി സി സ്വീകരിച്ചത്. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐസിസി നിര്‍ദേശിച്ചു.

വിലക്ക് വന്നതോടെ ഐസിസി നടത്തുന്ന ടൂർണമെന്റുകളിൽ സിംബാബ്‌വെയെ പ്രതിനിധീകരിച്ച് ടീമുകൾക്ക് പങ്കെടുക്കാനാകില്ല. ഐസിസിയിൽനിന്ന് ലഭിച്ചുവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കി. അടുത്ത വർഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി-20 ലോകകപ്പുകളുടെ യോഗ്യതാ മൽസരങ്ങളും സിംബാബ്‍വെയ്ക്കു നഷ്ടമാകും.

ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്‌വെ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഐസിസി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍