ദഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് ചെറിയ ഇടവേളയ്ക്ക് ശേഷം സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. എന്നാല്‍ മത്സരത്തില്‍ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനുള്ള ടെക്‌നിക് മാത്രമാണ് സഞ്ജുവിനുള്ളതെന്നും സൈമണ്‍ ഡൂള്‍ കുറ്റപ്പെടുത്തി.
മത്സരത്തില്‍ പേസര്‍ ബ്രൂറന്‍ ഹെന്റിക്‌സിന്റെ ഓഫ്സ്റ്റമ്പിന് തൊട്ടുപുറത്ത് വന്ന പന്തില്‍ ഇന്‍സൈഡ് എഡ്ജായിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം. ഒരിക്കലും പുറത്താകാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വിക്കറ്റ് വലിച്ചെറിയുകയാണ് സഞ്ജു ചെയ്തതെന്നാണ് സൈമണ്‍ ഡൂള്‍ ഇതിനെ പറ്റി പ്രതികരിച്ചത്. ശരീരത്തില്‍ നിന്നും ബാറ്റ് അകത്തിയാണ് സഞ്ജു കളിച്ചത്. അത് നമ്മള്‍ എപ്പോഴും കാണുന്നതാണ്. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അത് ഫലപ്രദമായിരിക്കും എന്നാല്‍ വിദേശപിച്ചുകളില്‍ ബാറ്റിംഗ് വ്യത്യസ്തമാണ്. ഈ ബാറ്റിംഗ് രീതി തന്നെ പ്രശ്‌നമാണ്. സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. മത്സരത്തില്‍ 23 പന്തില്‍ 12 റണ്‍സാണ് സഞ്ജു നേടിയത്. ഏകദിന കരിയറില്‍ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 50 റണ്‍സ് ശരാശരിയില്‍ 402 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.