സഞ്ജുവില്ലാതെ ഇറങ്ങി,വിജയ് ഹസാരെ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് നാണംകെട്ട തോൽവി

തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (16:46 IST)
വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് വമ്പന്‍ തോല്‍വി. 200 റണ്‍സിനാണ് രാജസ്ഥാന്‍ കേരളത്തെ തകര്‍ത്തെറിഞ്ഞത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 21 ഓവറില്‍ വെറും 67 റണ്‍സിന് പുറത്താവുകയായിരുന്നു. ഏഴോവറില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ എ വി ചൗധരിയും 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ എ എ ഖാനും 15 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ എകെകെ അഹമ്മദുമാണ് കേരളത്തെ തകര്‍ത്തത്.
 
കേരളത്തിനായി 49 പന്തില്‍ 28 റണ്‍സെടുത്ത സച്ചിന്‍ ബേബി മാത്രമാണ് പിടിച്ചുനിന്നത്. 11 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ ഒഴികെ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. വിഷ്ണു വിനോദ് ആദ്യ പന്തില്‍ തന്നെ പുറത്തായി. നേരത്തെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് നേടിയത്. പുറത്താകാതെ 122 റണ്‍സുമായി തിളങ്ങിയ എം കെ ലോംറോറിന്റെ പ്രകടനമാണ് രാജസ്ഥാന് തുണയായത്.

66 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് റാത്തോഡും രാജസ്ഥാനായി തിളങ്ങി. മറ്റാര്‍ക്കും തന്നെ രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. കേരളത്തിനായില്‍ അഖിന്‍ 10 ഓവറില്‍ 62 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ നായകന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. സഞ്ജുവിന്റെ അഭാവത്തില്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തെ നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍