ഇത് റാസ, സിംബാബ്‌വെ ക്രിക്കറ്റിൻ്റെ രാജ

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2022 (22:07 IST)
സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിൻ്റെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തോടെ 3-0ന് പരമ്പര സ്വന്തമാക്കാനായെങ്കിലും അവസാന മത്സരത്തിൽ കടുത്ത പോരാട്ടവീര്യമാണ് സിംബാബ്‌വെ കാഴ്ചവെച്ചത്. പഴയപ്രതാപത്തിൻ്റെ നിഴലിൽ മാത്രമൊതുങ്ങുന്ന സംഘമായിട്ടും ഇന്ത്യയെ വിറപ്പിച്ചുവിടാൻ സിംബാബ്‌വെയ്ക്കായി.
 
ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് തന്നെ മായ്ക്കപ്പെടുന്ന സിംബാബ്‌വെൻ ക്രിക്കറ്റിനെ പോരാടാൻ പ്രാപ്തനാക്കുന്നത് ടീമിലെ മധ്യനിര താരമായ സിക്കന്ദർ റാസയുടെ സാന്നിധ്യമാണ്. ഇന്ത്യക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ താരം അവസാനം വരെ ഇന്ത്യൻ വിജയത്തിന് നേരെ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. മത്സർത്തിൽ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ റാസ 95 പന്തിൽ നിന്നാണ് 115 റൺസ് നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷം റണ്‍സ് പിന്തുടരുമ്പോള്‍ അഞ്ചാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് റാസ സ്വന്തമാക്കി.
 
ഈ വർഷം റൺസ് പിന്തുടരുമ്പോൾ റാസ നേടുന്ന മൂന്നാമത്തെ സെഞ്ചുറി നേട്ടമാണിത്. നേരത്തെ ബംഗ്ലാദേശിനെതിരെ രണ്ട് സെഞ്ചുറികൾ ഇത്തരത്തിൽ റാസ സ്വന്തമാക്കിയിരുന്നു. 2010ൽ ഇംഗ്ലണ്ടിൻ്റെ ഓയിൻ മോർഗൻ നേടിയ 2 സെഞ്ചുറികളുടെ റെക്കോർഡാണ് താരം മറികടന്നത്. സിംബാബ്‌വൻ താരങ്ങൾ അവസാനമായി നേടിയ 7 സെഞ്ചുറികളും സിക്കന്ദർ റാസയെന്ന 36 കാരൻ്റെ പേരിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article