നാളെ പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ കളത്തിലിറങ്ങും. പനിയില്‍ നിന്ന് മുക്തനായ ഗില്‍ അഹമ്മദബാദില്‍ ഇന്ന് ബാറ്റിങ് പരിശീലനത്തിനു ഇറങ്ങി. ഏതാണ്ട് രണ്ട് മണിക്കൂറോളം ഗില്‍ ബാറ്റിങ് പരിശീലനം നടത്തി. പാക്കിസ്ഥാനെതിരെ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. പനിയെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളും ഗില്ലിന് നഷ്ടമായിരുന്നു.
ഏഷ്യാ കപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാക്കിസ്ഥാനും ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യയും നാളെ കളത്തിലിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും, ടോസ് 1.30 ന്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍/രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്