2019 ലോകകപ്പ് കഴിഞ്ഞ ശേഷം ഇന്ത്യയുടെ ഏറെ നാളായുള്ള നാലാം നമ്പര്‍ സ്ഥാനത്തേക്കുള്ള താരം ആരാണെന്ന ചോദ്യത്തിന് ലഭിച്ച ഉത്തരമായിരുന്നു ശ്രേയസ് അയ്യര്‍. മധ്യനിരയിലെ വിശ്വസ്തതാരമായി ശ്രേയസ് കളം നിറഞ്ഞപ്പൊള്‍ 2023ല്‍ ഇന്ത്യയുടെ മധ്യനിരയില്‍ ആര് കളിക്കുമെന്ന കാര്യത്തില്‍ സംശയമെ ഉണ്ടായിരുന്നില്ല. എന്നാല്‍ മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നീണ്ട ഇടവേളയാണ് താരത്തിന് എടുക്കേണ്ടതായി വന്നത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 6 മാസത്തെ ചികിത്സയ്ക്കും സര്‍ജറിക്കെല്ലാം ശേഷമാണ് ഏഷ്യാകപ്പിന് തൊട്ട് മുന്‍പ് ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം നേടിയത്. നീണ്ട കാലത്തെ പരിക്കില്‍ നിന്നും മോചിതനായ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രവേശിക്കും മുന്‍പ് ആഭ്യന്തരമത്സരങ്ങള്‍ കളിപ്പിച്ച് ഫിറ്റ്‌നസും ഫോമും ഉറപ്പാക്കാതെയായിരുന്നു അയ്യരുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രവേശനം. എന്നാല്‍ ഏഷ്യാകപ്പിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പുറം വേദന അനുഭവപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ഇറങ്ങിയത്. പൂര്‍ണ്ണമായും ഫിറ്റാണെന്ന് അവകാശപ്പെട്ടാണ് ഏഷ്യാകപ്പിലേക്കും ലോകകപ്പിലേക്കുമ്യ്ള്ള ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയത്. നേരത്തെ പരിക്കേറ്റ് ടീമില്‍ തിരികെയെത്തിയ കെ എല്‍ രാഹുലിനും വീണ്ടും പരിക്കേറ്റിരുന്നു.. ഈ സാഹചര്യത്തില്‍ ബിസിസിഐ താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത് വിഷമിപ്പിക്കുന്നതായാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരത്തെ ടീമിലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയെ തുടര്‍ന്ന് ബുമ്രയ്ക്ക് ഒരു വര്‍ഷക്കാലത്തോളം നഷ്ടമായിരുന്നു. പല തവണ പരിക്ക് മാറിയെന്ന പേരില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ബുമ്രയെ തിരികെ തന്നെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നത് അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സമാനമായാണ് ശ്രേയസ് അയ്യര്‍ക്ക് പുറം വേദന ആവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നതും.
ശ്രേയസിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് ടീം മാനേജ്‌മെന്റ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ശ്രേയസ് ലോകകപ്പ് ടീമില്‍ നിന്നും പുറത്താകുന്ന പക്ഷം നാലാം നമ്പര്‍ സ്ഥാനത്ത് ആര് കളിക്കുമെന്നത് ഇന്ത്യന്‍ ടീമിന് വീണ്ടും തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ വൃദ്ധിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ബിസിസിഐയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥ മൂലം കരിയറില്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. ശ്രേയസ് അയ്യരിന്റെ പരിക്ക് മാറാത്തപക്ഷം പകരക്കാരനായി ടീമിന് തിലക് വര്‍മയെയോ സഞ്ജു സാംസണിനെയോ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വന്നേക്കും. സെപ്റ്റംബര്‍ 28 വരെയാണ് ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.