ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ വലിയ ശ്രദ്ധ നേടിയ ടൂര്‍ണമെന്റാണ് എഷ്യാകപ്പ് മത്സരങ്ങള്‍. ഏഷ്യയിലെ കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരങ്ങളുടെ ആവേശം പക്ഷേ ഇത്തവണ മഴ പൂര്‍ണ്ണമായും തന്നെ കെടുത്തിയ മട്ടാണ്. ഏറ്റവും അവസാനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും വില്ലനായി മഴ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരം റിസര്‍വ് ദിനത്തിലേക്ക് നീട്ടിയിരിക്കുകയാണ്. റിസര്‍വ് ദിനമായ ഇന്നും മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിലും സൂപ്പര്‍ ഫോറിലെ മത്സരങ്ങളിലും മഴ വില്ലനായതോടെ വലിയ വിമര്‍ശനമാണ് ടൂര്‍ണമെന്റ് നടത്തിപ്പിനെതിരെ എസിസി പ്രസിഡന്റായ ജയ് ഷായ്‌ക്കെതിരെ ഉയരുന്നത്. റിസര്‍വ് ദിനമായ ഇന്നും സൂപ്പര്‍ ഫോറിലെ ഇനിയുള്ള മത്സരങ്ങളില്‍ മഴ വില്ലനാകുകയാണെങ്കില്‍ ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകാന്‍ സാധ്യതയേറെയാണ്. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ 2 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഈ മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയും പാകിസ്ഥാനും ഓരോ വിജയങ്ങള്‍ സ്വന്തമാക്കി.
റിസര്‍വ് ദിനമായ ഇന്നും ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കുന്ന മറ്റ് ദിവസങ്ങളിലും മഴ ഭീഷണിയുണ്ട്. ഈ മത്സരങ്ങള്‍ മഴ മുടക്കുകയാണെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഓരോ മത്സരങ്ങള്‍ വിജയിച്ച ശ്രീലങ്കയും പാകിസ്ഥാനും ഫൈനലില്‍ കടക്കും. മഴ കളി മുടക്കിയതിനാല്‍ ഇന്ത്യയ്ക്ക് അത് ടൂര്‍ണമെന്റിന് പുറത്തേക്കാകും വാതില്‍ തുറക്കുക.