Pakistan vs England Test: ആദ്യ ഇന്നിങ്ങ്സിൽ 550+ അടിച്ചിട്ടും തോൽക്കാനാവുമോ? പാകിസ്ഥാന് പുഷ്പം പോലെ സാധിക്കും

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:26 IST)
Pakistan, England
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് നാണം കെട്ട തോല്‍വി. ബംഗ്ലാദേശിനെതിരെ നാട്ടില്‍ പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇത്തവണ കൂടുതല്‍ റിസ്‌കുകള്‍ എടുക്കാതെ ബാറ്റിംഗ് പിച്ചാണ് പരമ്പരയ്ക്കായി തയ്യാറാക്കിയത്. അഞ്ച് ദിവസവും ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെതിരെ സമനിലയുമായി രക്ഷപ്പെടാം എന്ന് കരുതി തുടങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ 3 താരങ്ങളുടെ സെഞ്ചുറി പ്രകടനങ്ങളുടെ മികവില്‍ 556 റണ്‍സ് അടിച്ചെടുത്ത പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 556 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറിയുടെയും ബലത്തില്‍ 7 വിക്കറ്റിന് 823 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിംഗ് പിച്ചായതിനാല്‍ തന്നെ അഞ്ചാം ദിനവും ബാറ്റ് ചെയ്താല്‍ പാകിസ്ഥാന് എളുപ്പം സമനില പിടിക്കാമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ചീട്ട് കൊട്ടാരം പോലെയാണ് പാക് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്. 82 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ 6 ബാറ്റര്‍മാരാണ് പവലിയനിലെത്തിയത്.
 
ഏഴാം വിക്കറ്റില്‍ സല്‍മാന്‍ അലി ആഘയും ആമിര്‍ ജമാലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പാകിസ്ഥാനെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ ഇത് മതിയാകുമായിരുന്നില്ല. സല്‍മാന്‍ ആഘ 84 പന്തില്‍ 63 ര്‍റണ്‍സുമായും ആമിര്‍ ജമാല്‍ 104 പന്തില്‍ 55 റണ്‍സുമായി ഇംഗ്ലണ്ട് ബൗളിംഗ് നിരയെ പ്രതിരോധിച്ചു. ഏഴാം വിക്കറ്റില്‍ 109 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ടാണ് പാകിസ്ഥാനെ അല്പമെങ്കിലും മാന്യമായ നിലയിലെത്തിച്ചത്. 191 റണ്‍സില്‍ എത്തിനില്‍ക്കെ സല്‍മാന്‍ ആഘയെ നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ പരാജയം പെട്ടന്നായിരുന്നു. 220 റണ്‍സിലെത്തിയതോടെ പത്താം വിക്കറ്റും പാകിസ്ഥാന്റെ നഷ്ടമായി. ഇതോറ്റെ ഇന്നിങ്ങ്‌സിനും 47 റണ്‍സിനുമാണ് പാക് പരാജയം.
 
പാക് മുന്‍ നായകനായ ബാബര്‍ അസം ആദ്യ ഇന്നിങ്ങ്‌സില്‍ 30 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 5 റണ്‍സും മാത്രമാണ് സ്വന്തമാക്കിയത്. ഏറെക്കാലമായി ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാന്‍ ബാബറിനായിട്ടില്ല. പാക് മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആമിര്‍ ജമാലിനെ പോലെ ബൗളര്‍മാരാണ് ഇത്തവണ പാകിസ്ഥാനായി രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്. ബംഗ്ലാദേശ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടുമായും തോറ്റതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നാണക്കേടിന്റെ പടുകുഴിയിലാണ് പാക് സംഘം.

അനുബന്ധ വാര്‍ത്തകള്‍

Next Article