അക്കാര്യത്തിൽ സച്ചിനോട് പരാതിയുണ്ട്, തുറന്ന് പറഞ്ഞ് സേവാഗ്

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (14:42 IST)
റോഡ് സുരക്ഷ ലോക സീരീസിൽ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ പരാജയം അറിയാതെയാണ് കുതിക്കുന്നത്. ചൊവ്വാഴ്ച്ച നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്കൻ ലെജന്റ്സിനെതിരെയും ഇന്ത്യ വിജയം നേടിയിരുന്നു. തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്ക ലെജന്റ്‌സിനെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ
പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക എട്ടു വിക്കറ്റിൽ 138 റൺസ് നേടിയപ്പോൾ ഇർഫാൻ പത്താന്റെയും മുഹമ്മദ് കൈഫിന്റെയും മികവിൽ 18.4 ഓവറിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.
 
എന്നാൽ തുടർച്ചയായ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചെങ്കിലും ഒരു കാര്യത്തിൽ ഇന്ത്യൻ നായകനായ സച്ചിനോട് ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗിന് പരാതിയുണ്ട്.ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരത്തിനിടെയാണ് സച്ചിനെ പറ്റിയുള്ള പരാതി സേവാഗ് പറഞ്ഞത്. 
 
തുടർച്ചയായ രണ്ടാം മത്സരത്തിലും ടൊസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുത്തതാണ് സേവാഗിന്റെ പരാതിക്ക് ആധാരം.ഫീൽഡ് ചെയ്യുന്നത് പീഡനത്തിന് തുല്യമാണ്.സച്ചിൻ ബൗൾ ചെയ്യാൻ തീരുമാനിച്ചതോടെ 20 ഓവർ ഞങ്ങൾക്ക് ആദ്യം ഫീൽഡ് ചെയ്യേണ്ടി വന്നു. 20 ഓവർ ഫീൽഡ് ചെയ്‌ത ശേഷം ബാറ്റിങ്ങിനിറങ്ങുന്നത് ഞങ്ങളെ തളർത്തുന്നു. സേവാഗ് പറഞ്ഞു.
 
അതേസമയം റോഡ് സേഫ്റ്റി ലോക സീരീസിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലാണ് ടീം ഇന്ത്യ.2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകളുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article