അവസരം തുലച്ച് ഭരത്, അടുത്ത കളിയിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു?, ബാറ്റിംഗ് പരിശീലനം തുടങ്ങി

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (14:56 IST)
ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനിലേക്ക് വശി തുറക്കുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റതോടെയാണ് ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന സഞ്ജുവിന് ടീമില്‍ അവസരം ഒരുക്കുന്നത്. ഇന്ത്യ സിയുമായുള്ള ആദ്യ ഇലവനില്‍ സഞ്ജുവിന് പകരം കെ എസ് ഭരതായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍ താരമായത്. ബാറ്റിംഗില്‍ രണ്ട് ഇന്നിങ്ങ്‌സിലും താരം തികഞ്ഞ പരാജയമായിരുന്നു.
 
നേരത്തെ ദുലീപ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഡി പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇഷാന്‍ കിഷനും ഭരതുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടായിരുന്നത്. പരിക്കിനെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ പിന്മാറിയതോടെയാണ് അവസാന നിമിഷം സഞ്ജുവിന് ടീമില്‍ വിളിയെത്തിയത്. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ കെ എസ് ഭരതായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
 
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ദുലീപ് ട്രോഫിയിലെ പ്രകടനം ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിലും നിര്‍ണായകമാകും. ആദ്യ കളിയില്‍ ഭരത് ഫ്‌ളോപ്പായതോടെ സഞ്ജുവിന് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സി ടീമുമായുള്ള കളിയില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സും രണ്ടാമിന്നിങ്ങ്‌സില്‍ 16 റണ്‍സുമായിരുന്നു ഭരത് നേടിയത്.
 
ഇന്ത്യന്‍ എ ടീമുമായി ഈ മാസം 12മുതലാണ് ഇന്ത്യന്‍ ഡി ടീമിന്റെ രണ്ടാമത്തെ മത്സരം. ആദ്യമത്സരത്തില്‍ ഭരത് പരാജയമായതോടെ അടുത്ത മത്സരത്തില്‍ സഞ്ജുവിന് നറുക്ക് വീണേക്കും. ഇന്ത്യ ഡി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഇതോടെ വലിയ ആവേശത്തിലാണ് മലയാളി ക്രിക്കറ്റ് പ്രേക്ഷകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article