ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും നിരാശപ്പെടുത്തി; സഞ്ജുവിന് അടുത്ത കളി പണി കിട്ടുമോ?

Webdunia
ബുധന്‍, 4 ജനുവരി 2023 (17:09 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും സഞ്ജു നിരാശപ്പെടുത്തിയതാണ് അങ്ങനെയൊരു ആശങ്കയ്ക്ക് കാരണം. നാലാമനായി ബാറ്റ് ചെയ്യാനെത്തിയ സഞ്ജു വെറും ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. 
 
സഞ്ജു ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ 14 ഓവറില്‍ കൂടുതല്‍ പുറത്തുണ്ടായിരുന്നു. മികച്ചൊരു ഇന്നിങ്‌സ് കളിച്ച് എന്തുകൊണ്ടാണ് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ താന്‍ ഉറപ്പായും വേണ്ടതെന്ന് ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരമായിരുന്നു. എന്നാല്‍ മോശം ഷോട്ട് കളിച്ച് സഞ്ജു വേഗം കൂടാരം കയറി പോയി. ധനഞ്ജയ ഡി സില്‍വയുടെ ഓവറില്‍ ഡീപ് മിഡ് വിക്കറ്റില്‍ ഒരു ക്യാച്ച് ശ്രീലങ്ക നഷ്ടപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് സഞ്ജു അതേ ഓവറില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. ഒരു ലൈഫ് കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല. 
 
അതിവേഗം റണ്‍സ് കണ്ടെത്താനുള്ള സഞ്ജുവിന്റെ ശ്രമമാണ് ഇത്തവണ പാളിയത്. ഒരിക്കല്‍ കളിച്ച് വിക്കറ്റിനു മുന്നില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു പോന്ന അതേ ഷോട്ട് തന്നെ സഞ്ജു ആവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടോപ് എഡ്ജിലൂടെ ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. 
 
ഫീല്‍ഡിങ്ങിലും ഇത്തവണ സഞ്ജു നിരാശപ്പെടുത്തി. നിര്‍ണായക സമയത്ത് പത്തും നിസങ്കയുടെ ക്യാച്ച് നഷ്ടപ്പെടുത്തുകയും തേര്‍ഡ് മാനില്‍ നില്‍ക്കുമ്പോള്‍ സിംഗിള്‍ മാത്രം വഴങ്ങേണ്ടിയിരുന്ന ഷോട്ട് ഫോര്‍ ആക്കുകയും ചെയ്തിരുന്നു. 
 
ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും നിറംമങ്ങിയ സഞ്ജുവിന് പകരം അടുത്ത കളിയില്‍ രാഹുല്‍ ത്രിപാതിക്ക് അവസരം കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article