സഞ്ജുവിന്റെ ‘തട്ടുപൊളിപ്പന്‍’ ബാറ്റിംഗ്; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:03 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ കടക്കാന്‍ ഒരു ചുവട് മാത്രം അവശേഷിക്കെ സെലക്‍ടര്‍മാരെ അതിശയിപ്പിക്കുന്ന ഇന്നിംഗ്‌സുമായി സഞ്ജു വി സാംസണ്‍ അടിച്ചു തകര്‍ത്തതോടെ ദക്ഷിണാഫിക്ക എക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

മലയാളി താരത്തിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ അടിച്ചു കൂട്ടിയത് 204 റണ്‍സാണ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവാണ് കളിയിലെ താരം.

മറുപടി ബാറ്റിംഗില്‍ റീസാ ഹെന്‍ഡ്രിക്സും(43 പന്തില്‍ 59), കെയ്ല്‍ വെരിയെന്നെയും(24 പന്തില്‍ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ലക്ഷ്യം അകലെയായിരുന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.
ഔട്ട് ഫീല്‍ഡിലെ നനവ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ വണ്‍ ഡൗണായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. മികച്ച സ്‌കോര്‍ ആവശ്യമായിരിക്കെ ശിഖര്‍ ധവാനെ കൂട്ടു പിടിച്ച് സഞ്ജു അടിച്ചു തകര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.3 ഓവറില്‍ 136 റണ്‍സ് അടിച്ചു കൂട്ടി.

ധവാന്‍ 36 പന്തില്‍ 51 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ബോളര്‍മാരെ നിലം പരിശാക്കുന്ന തിരക്കിലായിരുന്നു സഞ്ജു. ഏഴ് സിക്‍സും ആറ് ബൗണ്ടറിയുമാണ് ആ ബാറ്റില്‍ നിന്നും പറന്നത്. യുവതാരങ്ങളായ ശ്രേയസ് അയ്യര്‍(19 പന്തില്‍ 36), ശുഭ്മാന്‍ ഗില്‍(10 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്‍ഡ്രിക്സ്, ജോര്‍ജ് ലിന്‍‍ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article