സഞ്ജുവിന് അവസരങ്ങള്‍ നിഷേധിക്കാന്‍ കാരണം ലോബിയല്ല ! ഈ ഘടകങ്ങള്‍ മലയാളി താരത്തിനു തിരിച്ചടി; സഞ്ജുവിനെ കൃത്യമായി നിരീക്ഷിച്ച് കോലിയും ശാസ്ത്രിയും

Webdunia
ശനി, 31 ജൂലൈ 2021 (13:37 IST)
ശ്രീലങ്കന്‍ പര്യടനത്തിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ പ്രതിരോധത്തിലാണ്. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് ഇനിയും അവസരങ്ങള്‍ കിട്ടുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഐപിഎല്ലിലെ പ്രകടനം മാത്രമാണ് സഞ്ജുവിന് മുന്നില്‍ ഇനിയുള്ളത്. അപ്പോഴും ശ്രീലങ്കന്‍ പര്യടനം പോലെ ഒരു സുവര്‍ണാവസരം ഉടനെയൊന്നും താരത്തെ തേടിയെത്തില്ല. 
 
ഇന്ത്യയ്ക്കായി പത്ത് ടി 20 മത്സരങ്ങള്‍ സഞ്ജു ഇതുവരെ കളിച്ചു. ഒരിക്കല്‍ പോലും 30+ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരെ 20 പന്തില്‍ നിന്ന് നേടിയ 27 റണ്‍സാണ് ടി 20 യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇതുവരെ കളിച്ച പത്ത് ടി 20 മത്സരങ്ങളില്‍ അഞ്ച് കളികളിലും രണ്ടക്കം കണ്ടിട്ടില്ല. ഇരുപതില്‍ കൂടുതല്‍ റണ്‍സ് എടുത്തത് രണ്ട് കളികളില്‍ മാത്രം. കണക്കിലെ കളികള്‍ സഞ്ജുവിന് അത്ര ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. പ്രതിഭാ ധാരാളിത്തമുള്ള ഇന്ത്യന്‍ ടീമില്‍ ഇനിയും ഇടം കണ്ടെത്തണമെങ്കില്‍ സഞ്ജു വന്‍ തിരിച്ചുവരവ് നടത്തിയേ തീരു. 
 
രണ്ട് കാര്യങ്ങളിലാണ് സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുന്നത്. പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ സഞ്ജു തന്റെ സ്വതസിദ്ധമായ ബാക്ക്ഫുട്ട് കളി ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശ്രീലങ്കയിലെ പിച്ച് പന്ത് കുത്തി തിരിയുന്ന സ്വഭാവമുള്ളതായിരുന്നു. എല്‍ബിഡബ്‌ള്യുവിനും ബൗള്‍ഡ് ആകാനും സാധ്യത കൂടുതലാണ്. ബാക്ക്ഫുട്ടില്‍ കളിക്കുമ്പോള്‍ വിക്കറ്റ് പോകാനുള്ള സാധ്യത കൂടുതലാണ്. ഈ കളി തുടരുന്നതാണ് സഞ്ജുവിന്റെ തിരിച്ചടിയായി പറയുന്നത്. സഞ്ജുവിനെ സ്ഥിരമായി മത്സരങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കാരണം ഈ ശൈലിയാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ഇതേ കുറിച്ച് കൃത്യമായി അറിയാമായിരുന്നു. 
 
സ്പിന്നിനു മുന്നില്‍ പ്രതിരോധത്തിലാകുന്നതും സഞ്ജുവിന് തിരിച്ചടിയായി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ റണ്‍സൊന്നും എടുക്കാന്‍ സാധിക്കാതെയാണ് സഞ്ജു പുറത്തായത്. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു ഹസരംഗയുടെ പന്തില്‍ എല്‍ബിഡബ്ള്യുവിന് മുന്നില്‍ വീഴുകയായിരുന്നു. രണ്ടാം ടി 20 മത്സരത്തിലും സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ സഞ്ജു ഏറെ ബുദ്ധിമുട്ടി. രണ്ടാം ടി 20 യിലും ശ്രീലങ്കയുടെ ഹസരംഗ തന്നെയായിരുന്നു സഞ്ജുവിനെ വട്ടംകറക്കിയത്. ഹസരംഗയുടെ ആറ് ബോളുകളിലും ഒരു എത്തുംപിടിയിലും ഇല്ലാത്ത വിധമാണ് സഞ്ജു നിന്നത്. ഗൂഗ്ലിയെ നേരിടുന്നതിലും സഞ്ജു പരാജയപ്പെട്ടു. ലെഗ്-ബ്രേക്ക്‌സില്‍ പന്തെറിഞ്ഞ് സഞ്ജുവിനെ പരീക്ഷിക്കാന്‍ ഹസരംഗയ്ക്കും കഴിഞ്ഞിരുന്നു. മൂന്നാം ടി 20 യിലും ഹസരംഗ ഇത് ആവര്‍ത്തിച്ചു. രണ്ടാം ടി 20 മത്സരത്തില്‍ 13 ബോളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ സഞ്ജു ഇനിയും പഠിക്കണമെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് സഞ്ജു വീണ്ടും സ്പിന്നിന് മുന്നില്‍ വീണത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article