ഒരാൾക്കും വേണ്ടെന്ന നിലയിൽ പിന്തുണച്ചത് സഞ്ജു മാത്രം, വഴിത്തിരിവായ ഫോൺ കോളിനെ പറ്റി സന്ദീപ് ശർമ

അഭിറാം മനോഹർ

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (14:10 IST)
കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് പേസര്‍ സന്ദീപ് ശര്‍മ. രാജസ്ഥാന്‍ റോയല്‍സ് പ്രതിസന്ധിയിലായിരിക്കുന്ന പല ഘട്ടങ്ങളിലും രക്ഷകനായി സന്ദീപ് അവതരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും 2023ലെ ഐപിഎല്‍ താരലേലത്തില്‍ സന്ദീപ് ശര്‍മ അണ്‍സോള്‍ഡായി പോയിരുന്നു. എല്ലാവരും കൈവിട്ടു എന്ന ഘട്ടത്തില്‍ സഞ്ജുവിന്റെ ഒരു ഫോണ്‍ കോളാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്ന് സന്ദീപ് ശര്‍മ പറയുന്നു.
 
താരലേലത്തില്‍ എന്നെ ആരും വാങ്ങാന്‍ തയ്യാറായില്ല എന്നത് എനിക്ക് വലിയ നിരാശയായിരുന്നു. താരലേലത്തില്‍ എന്നെ ആരും വാങ്ങിയില്ല എന്നത് തന്നെയും നിരാശപ്പെടുത്തിയെന്നാണ് സഞ്ജു സാംസണ്‍ പറഞ്ഞത്. എന്നില്‍ വിശ്വാസമുണ്ടെന്നും ഈ ഐപിഎല്ലില്‍ ഞാന്‍ കളിക്കുമെന്നും മികവ് പുലര്‍ത്തുമെന്നും സഞ്ജു പറഞ്ഞു. എല്ലാവരും കൈവിട്ട ഘട്ടത്തില്‍ എന്നോട് പോസിറ്റീവായി സംസാരിച്ച ഒരേ ഒരാള്‍ സഞ്ജുവാണ്. അതെന്നെ ഒരുപാട് സഹായിച്ചു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കേറ്റതോടെയാണ് രാജസ്ഥാനില്‍ അവസരം ലഭിച്ചത്. അന്ന് മുതല്‍ എല്ലാ മത്സരവും എന്റെ അവസാനമത്സരം എന്ന നിലയില്‍ ആസ്വദിച്ചാണ് കളിക്കുന്നത്. സന്ദീപ് ശര്‍മ പറയുന്നു.
 
 2013 മുതല്‍ 2018 വരെ പഞ്ചാബ് കിംഗ്‌സ് താരമായിരുന്നു സന്ദീപ്. ഈ 6 സീസണുകളില്‍ 56 കളികളില്‍ നിന്നും 71 വിക്കറ്റുകളാണ് സന്ദീപ് വീഴ്ത്തിയത്. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് എത്തിയ സന്ദീപ് 48 മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റാണ് വീഴ്ത്തിയത്. രാജസ്ഥാനില്‍ 2023,24 സീസണുകളില്‍ 22 കളികളില്‍ 23 വിക്കറ്റുകളാണ് സഞ്ജു വീഴ്ത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍