നന്നായി കളിച്ചുവന്ന അഭിഷേകിനെ കുഴിയിൽ ചാടിച്ചു, സഞ്ജുവിനെ വിമർശിച്ച് സോഷ്യൽ മീഡിയ

അഭിറാം മനോഹർ

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (13:18 IST)
Abhishek sharma
ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തില്‍ ഭേദപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും മലയാളി താരം സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 19 പന്തില്‍ 29 റണ്‍സുമായി തിളങ്ങിയിരുന്നു. 6 മനോഹരമായിരുന്ന ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്ങ്‌സ്. ടീമിന് മോശമല്ലാത്ത തുടക്കം സഞ്ജുവിനായെങ്കിലും ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ പുറത്താകുന്നതില്‍ സഞ്ജുവിന് പങ്കുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
 
മത്സരത്തില്‍ 7 പന്തില്‍ 2 ഫോറും ഒരു സിക്‌സുമടക്കം 16 റണ്‍സാണ് അഭിഷേക് നേടിയത്. പേസര്‍ ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ പന്തില്‍ സഞ്ജു ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് കളിച്ച ശേഷം സിംഗിളിനായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അപകടം മനസിലാക്കി സഞ്ജു തിരികെ ക്രീസിലേക്ക് പ്രവേശിച്ചെങ്കിലും മറുവശത്ത് അഭിഷേക് സിംഗിളിനായി മുന്നോട്ട് വന്നിരുന്നു. ഇതോടെ തൗഹിദ് ഹൃദോയ് ഡയറക്ട് ത്രോയിലൂടെ താരത്തെ പുറത്താക്കി. ഇതോടെയാണ് ഒരു വിഭാഗം ആരാധകര്‍ സഞ്ജുവിനെതിരെ തിരിഞ്ഞത്.
 
 മത്സരത്തില്‍ ബംഗ്ലാദേശ് മുന്നോട്ട് വെച്ച 128 റണ്‍സ് വിജയലക്ഷ്യം 11.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. 16 പന്തില്‍ 39 റണ്‍സുമായി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും 29 റണ്‍സ് വീതം നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ 3 വിക്കറ്റുകളുമായി വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷദീപ് സിംഗും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നു. വിജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍