സച്ചിന്റെ വിരമിക്കലിന് പിന്നില്‍ കളിച്ചതാര് ?; വിരമിച്ചില്ലായിരുന്നെങ്കില്‍ പുറത്താക്കാന്‍ പദ്ധതിയിട്ടത് ഇവരോ ?

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (16:20 IST)
2012ല്‍ ഇന്ത്യൻ ഏകദിന ടീമിൽനിന്ന് സച്ചിൻ തെൻ‍ഡുൽക്കര്‍ വിരമിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നുവെന്ന് മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ഇക്കാര്യത്തെക്കുറിച്ച് സച്ചിനുമായി സെലക്ടര്‍മാര്‍ നേരിട്ട് സംസാരിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ഡിസംബർ 12ന് അദ്ദേഹത്തിന്റെ ഭാവി പരിപാടികളേക്കുറിച്ചറിയാൻ ഞങ്ങൾ സച്ചിനുമായി നാഗ്‌പൂരില്‍ കൂടിക്കാഴ്ച നടത്തി. വിരമിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു സച്ചിന്‍ അപ്പോള്‍ വ്യക്തമാക്കിയത്.

സച്ചിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും ഈ തീരുമാനം അറിയിച്ചു. ഇതിനാലാണ് സച്ചിനെ നേരിട്ട് കാണാനായി തീരുമാനിച്ചതെന്നും പാട്ടില്‍ വ്യക്തമാക്കി.

സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും സ്വീകരിച്ച തീരുമാനം മനസിലാക്കിയിട്ടാകാം  സച്ചിൻ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അല്ലായിരുന്നുവെങ്കില്‍ അന്ന് സച്ചിനെ ടീമിൽ നിന്ന് പുറത്താക്കിയേനെയെന്നും സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി.

മറാത്തി ചാനലായ എബിപി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപിന്റെ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആലോചനകള്‍ നടന്നിരുന്നതായും എന്നാല്‍ ലോകകപ്പ് വന്നതിനാല്‍ പുതിയൊരു പരീക്ഷണത്തിന് മുതിരാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പാട്ടീല്‍ പറഞ്ഞിരുന്നു.
Next Article