സഞ്ജുവിനെ 'സ്വന്തമാക്കി' തരൂർ, കേരളത്തിന്റെ അഭിമാനമെന്ന് തിരുത്തി ശ്രീശാന്ത്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (16:35 IST)
വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി റെക്കോർടിട്ട സഞ്ജു സാംസണിനെ പുകഴ്ത്തി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ തിരുവനന്തപുരത്തിന്റെ സ്വന്തം എന്ന് വിശേഷിപ്പുച്ച കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ തിരുത്തി ശ്രീശാന്ത്. 
 
സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.  വിജയ് ഹസാരെ ട്രോഫിയിൽ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു ഇരട്ടസെഞ്ചുറി നേടിയത് ഇന്ത്യൻ സെലക്ടർമാർ കാണുന്നില്ലേയെന്നും ശശി തരൂർ ചോദിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ശ്രീശാന്ത് രംഗത്ത് വന്നത്. 
 
‘സർ, അദ്ദേഹത്തെ (സഞ്ജുവിനെ) തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്. സഞ്ജു മലയാളത്തിന് പ്രതീക്ഷ നൽകുന്ന, അഭിമാനമായ താരമാണ്. ആ നിലയിൽ അദ്ദേഹത്തെ നമുക്ക് പിന്തുണയ്ക്കാം’ എന്നു ശ്രീശാന്ത് കുറിച്ചു. 
 
ഗോവയ്‌ക്കെതിരെ 129 പന്തിൽ 21 ഫോറും 10 സിക്സും സഹിതം 212 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്കോറുമായി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article