ബഹുദൂരം മുന്നിൽ, തൊടാനാകാതെ കോഹ്ലിപ്പട; ഒന്നും പ്ലാൻ ചെയ്തതല്ലെന്ന് വിരാട്

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (11:53 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈപ്പിടിയിൽ ആക്കിയതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. 137 റണ്‍സിനാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ എതിരാളികളെ മലർത്തിയടിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കുകയായിരുന്നു.
 
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്. കളിച്ച എല്ലാ ടെസ്റ്റുകളിലും കോലിപ്പട വമ്പന്‍ ജയമാണ് കൊയ്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടിയതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ 140 പോയിന്റിന്റെ വന്‍ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 
 
വെറും നാലു ടെസ്റ്റുകളില്‍ നിന്നും ഇന്ത്യക്കു ഇപ്പോള്‍ 200 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ന്യൂസിലാന്‍ഡും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ 140 പോയിന്റിനു പിറകിലാണ്. ഇരുടീമുകള്‍ക്കും രണ്ടു ടെസ്റ്റുകളില്‍ നിന്നും 60 പോയിന്റ് വീതമാണുള്ളത്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 56 പോയിന്റ് വീതമുള്ള ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു പൂനെയിലേത്. കോലിയുടെ ഏഴാമത്തെ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യക്കു രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയമൊരുക്കിയത്. ഡബിൾ സെഞ്ച്വറി അടിക്കണം എന്നൊന്നും പ്ലാൻ ചെയ്തിരുന്നില്ലെന്ന് കോഹ്ലി മത്സരശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍