Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

രേണുക വേണു

വെള്ളി, 17 മെയ് 2024 (20:26 IST)
Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ പരിഗണിച്ച് ബിസിസിഐ. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ബിസിസിഐ പ്രതിനിധികള്‍ ഗംഭീറിനോട് തിരക്കിയെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്ലിനു ശേഷം ചര്‍ച്ചയാകാമെന്ന് ഗംഭീര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 
 
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ് ഗംഭീര്‍. നേരത്തെയും ഐപിഎല്‍ ടീമുകള്‍ക്കൊപ്പം സേവനം ചെയ്ത പരിചയസമ്പത്ത് ഗംഭീറിനുണ്ട്. എന്നാല്‍ ഇതുവരെ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ഗംഭീര്‍ സേവനമനുഷ്ഠിച്ചിട്ടില്ല. 42 കാരനായ ഗംഭീറിനു നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മിക്ക താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത്. 
 
നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ട്വന്റി 20 ലോകകപ്പിനു ശേഷം അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരമുണ്ടെങ്കിലും ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. വിദേശ പരിശീലകനെ പരിഗണിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിനാണ് കൂടുതല്‍ സാധ്യത. റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍