ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

അഭിറാം മനോഹർ

ബുധന്‍, 15 മെയ് 2024 (18:24 IST)
Stephen Fleming
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുന്ന രാഹുല്‍ ദ്രാവിഡിന് പകരം ആര് പരിശീലകനാകുമെന്ന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. ഇന്ത്യന്‍ കോച്ചുമാരെയും വിദേശകോച്ചുമാരെയും ഇക്കുറി ബിസിസിഐ പരിഗണിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനും മുന്‍ ന്യൂസിലന്‍ഡ് നായകനുമായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയാണ് ബിസിസിഐ നോട്ടമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
ദ്രാവിഡിന് താത്പര്യമുണ്ടെങ്കില്‍ പരിശീലകസ്ഥാനത്തിനായി ഇനിയും അപേക്ഷിക്കാനാകും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്. 2009 സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനാണ് ഫ്‌ളെമിങ്ങ്. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി ചെന്നൈയെ മാറ്റുന്നതില്‍ ഫ്‌ളെമിങ്ങിന്റെ പങ്ക് വലുതാണ്. ഇത്രയും വര്‍ഷങ്ങളായി പരിശീലകസ്ഥാനത്ത് തുടരുന്ന ഒരു താരവും ഐപിഎല്ലിലില്ല. അതേസമയം ബിസിസിഐ നോട്ടമിടുന്നെങ്കിലും ഫ്‌ളെമിങ്ങിനെ വിട്ടുകൊടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തയ്യാറായേക്കില്ല. ധോനിയെ പോലെ തന്നെ ചെന്നൈയുടെ നെടുന്തൂണാണ് ഫ്‌ളെമിങ്ങ്. കോച്ച് സ്ഥാനത്തേക്ക് ഫ്‌ളെമിങ്ങ് അപേക്ഷ സമര്‍പ്പിച്ചെങ്കില്‍ മാത്രമെ ആ റോളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കുകയുള്ളു.
 
ഫ്‌ളെമിങ്ങിനെ കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയായ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍, ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ താത്കാലിക കോച്ചായി പ്രവര്‍ത്തിച്ച പരിചയം ലക്ഷ്മണിനുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍