ബട്ട്‌ലറെ മാത്രം വിശ്വസിച്ചിറങ്ങിയാൽ പണിപാളും, സീസൺ പകുതിയിൽ എക്‌സ്പോസ്‌ഡ് ആയി രാജസ്ഥാൻ ബാറ്റിങ്

ചൊവ്വ, 3 മെയ് 2022 (20:42 IST)
പതിനഞ്ചാമത് ഐപിഎൽ സീസണിൽ ആരാധകർക്ക് ഏറ്റവും ആവേശം പകരുന്ന താരമാണ് രാജസ്ഥാന്റെ ജോസ് ബട്ട്‌ലർ. കരിയറിന്റെ മികച്ച ഫോമിൽ കളിക്കുന്ന ജോസ് ബട്ട്‌ലർ എതിർനിരയെ തച്ചുടച്ചുകൊണ്ട് രാജസ്ഥാൻ റോയൽസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
 
എന്നാൽ ഓപ്പണർ ജോസ് ബട്ട്‌ലറിൽ രാജസ്ഥാൻ കൂടുതൽ ആശ്രയിക്കുമ്പോൾ ടീമെന്ന നിലയിൽ രാജസ്ഥാന്റെ മുന്നോട്ട് പോകലിന് അത് വലിയ ബാധ്യതയാകുന്നുവെന്നതാണ് സത്യം. ഇതുവരെ ബാറ്റ്സ്മാന്മാർ തിളങ്ങിയ മത്സരങ്ങളിൽ രാജസ്ഥാൻ വിജയിച്ചിട്ടുണ്ട്. എന്നാൽ ബട്ട്‌ലർ പുറത്താവു‌ന്നതോടെ ടീം പ്രതിരോധത്തിൽ ആകുന്നു.
 
പ‌തുക്കെ തുടങ്ങി ആളിക്കത്തുന്ന ജോസ് ബട്ട്‌ലർ ശൈലി രാജസ്ഥാന് തലവേദന സൃഷ്ടിക്കുന്നില്ലെങ്കിൽ ഒരു വശത്ത് തുടക്കത്തിൽ തന്നെ റൺസ് ഉയർത്താൻ കഴിയുന്ന ഒരു ബാറ്റ്സ്മാൻ ഇല്ല എന്നത് രാജസ്ഥാന് തിരിച്ചടിയാണ്. ബട്ട്‌ലർ പുറത്താവുന്നതോടെ ഒരു വിക്കറ്റ് തകർച്ച ഒഴിവാക്കാൻ സഞ്ജു അടക്കമുള്ള താരങ്ങൾ പ്രതിരോധത്തിലേക്ക് മാറുമ്പോൾ മധ്യ ഓവറുകളിൽ റൺ വരൾച്ചയാണ് ടീമിനുണ്ടാക്കുന്നത്.
 
അവസാന ഓവറുകളിലെ ഹെറ്റ്‌മയർ എഫക്‌ടും തുടക്കത്തിലെ ബട്ട്‌ലറിന്റെ പ്രകടനവുമാണ് രാജസ്ഥാനെ മുന്നിലേക്കെത്തിച്ചിരുന്നത്. എന്നാൽ ബട്ട്‌ലർ പരാജയപ്പെടുന്ന മത്സരങ്ങളിൽ ബാറ്റിങ് നിര പിൻസീറ്റിലാകുന്നു. പലപ്പോഴും നിരുത്തരവാദപരമായ ഷോട്ടുകളിൽ സഞ്ജു സാംസൺ പുറത്താകുന്നതും ടീമിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 4 വിക്കറ്റുകൾ വീണു കഴിഞ്ഞാൽ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകരുമെന്നതാണ് രാജസ്ഥാൻ നേരിടുന്ന മറ്റൊരു വെല്ലുവിളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍