Rohit Sharma: ബ്രിസ്ബണിലും മാറ്റമില്ല; രാഹുല്‍ തന്നെ ഓപ്പണര്‍, രോഹിത് ആറാമത്

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:57 IST)
Rohit Sharma: ബ്രിസ്ബണ്‍ ടെസ്റ്റിലും രോഹിത് ശര്‍മ ആറാം നമ്പറില്‍ തുടരും. അഡ്‌ലെയ്ഡ് ടെസ്റ്റിനു ശേഷം രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 
 
ബ്രിസ്ബണിലേക്ക് തിരിക്കും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ അഡ്‌ലെയ്ഡില്‍ പരിശീലനം നടത്തുന്നുണ്ട്. പരിശീലന സെഷനില്‍ ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയത് രാഹുല്‍ തന്നെയാണ്. ഇരുവര്‍ക്കും ശേഷമാണ് വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ബാറ്റ് ചെയ്യാനെത്തിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ പോലെ റിഷഭ് പന്തിനു ശേഷം ആറാമനായാകും രോഹിത് ബ്രിസ്ബണിലും ഇറങ്ങുക. 
 
അതേസമയം പരിശീലനത്തിനിടെ റിഷഭ് പന്തിന്റെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടു. സഹതാരം എറിഞ്ഞ ബൗണ്‍സര്‍ ആണ് പന്തിന്റെ ഹെല്‍മറ്റില്‍ തട്ടിയത്. മെഡിക്കല്‍ സ്റ്റാഫിന്റെ നിരീക്ഷണത്തിനു ശേഷം പന്ത് വീണ്ടും പരിശീലനത്തിനു ഇറങ്ങി. 
 
ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബനിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 5.50 നു മത്സരങ്ങള്‍ ആരംഭിക്കും. അഡ്‌ലെയ്ഡ് ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് രണ്ട് മാറ്റങ്ങളായിരിക്കും ഇന്ത്യ ബ്രിസ്ബണില്‍ കൊണ്ടുവരിക. രവിചന്ദ്രന്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ് ദീപും കളിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article