Rohit Sharma: രോഹിത് ശര്‍മയ്ക്ക് വിശ്രമം, കോലി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാകുമോ?

ശനി, 17 ജൂണ്‍ 2023 (10:10 IST)
Rohit Sharma: ജൂലൈയില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയ്ക്ക് ശേഷം രോഹിത്തിനെ ഏറെ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നും താരത്തിനു വിശ്രമം അത്യാവശ്യമാണെന്നും ബിസിസിഐ വിലയിരുത്തി. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനവും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. ഒന്നുകില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ അല്ലെങ്കില്‍ എട്ട് പരിമിത ഓവര്‍ മത്സരങ്ങളില്‍ രോഹിത്തിന് വിശ്രമം അനുവദിക്കും. ഇക്കാര്യം ബിസിസിഐ രോഹിത്തുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 
 
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 58 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള തുടക്കമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആകുമ്പോഴേക്കും രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കാനാണ് സാധ്യത. അതുകൊണ്ട് രോഹിത്തിന് ഇനി അധികം ടെസ്റ്റ് മത്സരങ്ങളില്‍ അവസരം നല്‍കേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ രോഹിത്തും തയ്യാറാണെന്ന് വാര്‍ത്തകളുണ്ട്. 
 
ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ഇന്ത്യയെ നയിക്കാന്‍ വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരെ ബിസിസിഐ പരിഗണിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന് വിശ്രമം അനുവദിക്കുന്നതിനൊപ്പം വിരാട് കോലിക്ക് കൂടി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ അജിങ്ക്യ രഹാനെ ആയിരിക്കും വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20 യില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ നയിക്കാനാണ് സാധ്യത. ട്വന്റി 20 പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇനി അവസരം നല്‍കിയേക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍