അന്ന് മനസ് തകര്‍ന്നു, നിരാശനായി; 2011 ലോകകപ്പില്‍ പുറത്തിരുന്നവന്‍ 2023 ലോകകപ്പില്‍ ഇന്ത്യയുടെ നായകന്‍

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (13:53 IST)
ട്വന്റി 20 ക്ക് പിന്നാലെ ഏകദിനത്തിലും വിരാട് കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മയെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഏകദിന ലോകകപ്പ് മുന്നില്‍കണ്ടാണ് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇനിയുള്ള ഒരു വര്‍ഷം ഏകദിന ലോകകപ്പിനായുള്ള പരിശീലനത്തിനാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അടുത്ത ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ നായകസ്ഥാനത്തു നിന്ന് മാറുകയും ചെയ്യും. 
 
എല്ലാ അര്‍ത്ഥത്തിലും ലോകകപ്പിനായുള്ള മാറ്റം എന്ന നിലയിലാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി വിലയിരുത്തപ്പെടുക. 2011 ന് ശേഷം ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലൂടെ 2023 ല്‍ അത് സാധ്യമാക്കാമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്. 
 
2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ആ ടീമില്‍ വിരാട് കോലി ഉണ്ടായിരുന്നു. എന്നാല്‍, രോഹിത് ശര്‍മയ്ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിച്ചിരുന്നില്ല. രോഹിത്തിനെ മാനസികമായി ഏറെ തളര്‍ത്തിയ സംഭവമായിരുന്നു അത്. 2011 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച ശേഷം രോഹിത് ശര്‍മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അദ്ദേഹത്തിന് എത്രത്തോളം നിരാശയും വിഷമവും ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. 
 
'ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്നതില്‍ വളരെ വളരെ നിരാശനാണ്. ഈ സാഹചര്യത്തില്‍ നിന്നും മുന്നോട്ട് പോകേണ്ടത് എന്റെ ആവശ്യമാണ്. പക്ഷേ, സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു വലിയ തിരിച്ചടിയാണ്,' രോഹിത് ശര്‍മ 2011 ജനുവരി 31 ന് ട്വിറ്ററില്‍ കുറിച്ചു. അന്ന് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാത്തതില്‍ സങ്കടപ്പെട്ട രോഹിത് ശര്‍മ ഇപ്പോള്‍ ഇതാ 2023 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ തയ്യാറെടുക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article