ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയും പരിശീലക സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡും ഒഴിയില്ല. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റതിനു പിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതിയ നായകനും പുതിയ പരിശീലകനും ആയി വേണം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇറങ്ങാനെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അതിനു പിന്നാലെ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റാന്‍ ബിസിസിഐയും ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കി ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ കൂടി ഇരുവര്‍ക്കും അവസരം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ക്യാപ്റ്റനേയും പരിശീലകനേയും മാറ്റുന്നത് ടീമിന് ദോഷം ചെയ്യുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. അതേസമയം മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ ഒഴിവാക്കി പുതുമുഖ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പില്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.