ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല എന്ന വാര്‍ത്ത ഇന്ത്യന്‍ ക്യാംപിനെ നിരാശപ്പെടുത്തുന്നു. പാണ്ഡ്യക്ക് പകരം ആറാം ബൗളര്‍ ഓപ്ഷനായി ആര്‍ക്ക് പന്ത് കൊടുക്കും എന്നാണ് നായകന്‍ രോഹിത് ശര്‍മ തല പുകയ്ക്കുന്നത്. എന്തായാലും മൂന്ന് പേരെയാണ് രോഹിത് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ആറാം ബൗളര്‍ ഓപ്ഷനിലേക്ക് പരിഗണിക്കപ്പെടുന്നവര്‍.
രോഹിത്തിനും ശ്രേയസിനുമാണ് സൂര്യകുമാര്‍ നെറ്റ്സില്‍ പന്തെറിഞ്ഞത്. ഒടുവില്‍ രവിചന്ദ്രന്‍ അശ്വിന്‍ വന്ന് 'ബൗളര്‍ സൂര്യ'യെ കെട്ടിപ്പിടിച്ചു. പിന്നീട് രവീന്ദ്ര ജഡേജയുടെ നിരീക്ഷണത്തില്‍ 15 മിനിറ്റോളം സൂര്യ നെറ്റ്സില്‍ രോഹിത്തിനു പന്തെറിഞ്ഞു കൊടുത്തു. നെറ്റ്സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ശുഭ്മാന്‍ ഗില്‍ ബൗളറായ കാഴ്ചയാണ്. മുഹമ്മദ് സിറാജാണ് ഗില്ലിന്റെ പന്തുകളെ നേരിട്ടത്. എല്ലാ പന്തുകളും ഔട്ട് സൈഡ് എഡ്ജ് എടുക്കുന്നത് കണ്ട ഗില്‍ സിറാജിന് ഫോര്‍വേഡ് ഡിഫെന്‍സ് എങ്ങനെ കളിക്കണമെന്ന് കാണിച്ചുകൊടുത്തു. ഏകദേശം അരമണിക്കൂര്‍ ഗില്‍ ബൗളിങ് പരിശീലനം നടത്തി.