ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

രേണുക വേണു

ശനി, 28 സെപ്‌റ്റംബര്‍ 2024 (10:48 IST)
England vs Australia 4th ODI

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ ജയം. 39 ഓവറായി ചുരുക്കിയ മത്സരത്തില്‍ 186 റണ്‍സിനാണ് ആതിഥേയര്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 39 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 24.4 ഓവറില്‍ ഓസ്‌ട്രേലിയ 126 റണ്‍സിനു ഓള്‍ഔട്ടായി. 
 
58 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 87 റണ്‍സെടുത്ത നായകന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 27 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 62 പന്തില്‍ 63 റണ്‍സ് നേടി. ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എട്ട് ഓവറില്‍ 70 റണ്‍സ് വഴങ്ങി. 
 
മറുപടി ബാറ്റിങ്ങില്‍ ഓസീസിന് തുടക്കം മുതല്‍ തകര്‍ച്ചകളായിരുന്നു. 23 പന്തില്‍ 34 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 34 പന്തില്‍ 28 റണ്‍സെടുത്തു. ആറ് ഓസീസ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. മാത്യു പോട്‌സ് എട്ട് ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഇംഗ്ലണ്ടിനായി വീഴ്ത്തിയത്. ബ്രയ്ഡന്‍ കാര്‍സിന് മൂന്ന് വിക്കറ്റ്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 
അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 2-2 എന്ന നിലയിലാണ് ഇപ്പോള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍